വിഎസിന്റെ വിലാപയാത്ര ജൻമനാടായ ആലപ്പുഴയിൽ എത്തി. രാവിലെ 7.15 ഓടെയാണ് വിഎസിൻറെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് ആലപ്പുഴയിലേക്ക് എത്തയത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര 17 മണിക്കൂറുകൾ എടുത്താണ് തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
Read more
കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്. പ്രിയ സഖാവിനെ കാത്തിരിക്കുക ആയിരുന്നു പുന്നപ്ര വയലാറിൻറെ മണ്ണ്. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്.