ആയിരക്കണക്കിന് മുസ്ലിം വിദ്യാർത്ഥികളെ ബാധിച്ചു; ഹൈക്കോടതിയുടെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആന്‍റ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റാണ് ഹർജി നൽകിയത്.

ആയിരക്കണക്കിന് മുസ്ലിം വിദ്യാർത്ഥികളെ വിധി ബാധിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. പാലോളി മുഹമ്മദ് കുട്ടി സമിതിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച പദ്ധതികൾ മറ്റ് സമുദായങ്ങളെ ബാധിക്കുന്നതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും.

കേരളത്തിലെ 16 മുസ്ലിം സംഘടനകള്‍ ഉൾക്കൊള്ളുന്ന സച്ചാർ സംരക്ഷണ സമിതിയുടെ ചെയർമാൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ധർണ. പിന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ സർക്കാർ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.