നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കണം, ഇല്ലെങ്കില്‍ നീതി ഉറപ്പാകില്ല; അതിജീവിത ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മ്‌റി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന അതിജീവിതയുടെ ആവശ്യം നിരാകരിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വിചാരണ കോടതിക്ക് തെറ്റ് പറ്റിയെങ്കില്‍ ഹൈക്കോടതി ഇടപെട്ട് തിരുത്തണം. മെമ്മറി കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതി ഉറപ്പാവില്ലെന്നും അതിജീവിത കോടതിയില്‍ വാദിച്ചു. കേസില്‍ ദിലീപിനെയും കക്ഷി ചേര്‍ത്തു. വിചാരണ വൈകിപ്പിക്കാനാണ് കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നാണ്് ദിലീപിന്റെ അഭിഭാഷകന്റെ വാദം.

അതേസമയം നടിയെ അക്രമിച്ച കേസിലെ അന്വേഷണം വേഗം പൂര്‍ത്തീകരിക്കാത്തത് പ്രോസിക്യൂഷന് ദോഷകരമായി തീരുമെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡ് പരിശോധനക്ക് അയക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ഹര്‍ജി വിധി പറയാനായി മാറ്റി. മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ മൂന്ന് ദിവസം മതിയെന്ന് പ്രോസിക്യൂഷന്‍ നേരത്തെ അറിയിച്ചിരുന്നു.