കേരളത്തില്‍ രാഷ്ട്രീയ സാധ്യത തേടി ആം ആദ്മി; അരവിന്ദ് കെജ് രിവാള്‍ ഇന്ന് കൊച്ചിയില്‍ എത്തും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് കൊച്ചിയില്‍ എത്തും. നാളെ കിഴക്കമ്പലത്ത് നടക്കുന്ന ട്വന്ററി 20യുടെ ജനസംഗമത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാടും വ്യക്തമാക്കിയേക്കും.

ഇന്ന് വൈകിട്ട് കേരളത്തില്‍ എത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി നാളെ രാവിലെ ആംആദ്മി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ശേഷം കിഴക്കമ്പലത്തെ ട്വന്റി 20 ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റും ഗോഡ്സ് വില്ലയും സന്ദര്‍ശിക്കും.അതിനു ശേഷമാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുക.

പഞ്ചാബില്‍ ഉന്നത വിജയം സ്വന്തമാക്കിയതിന് ശേഷമാണ് കേരളത്തില്‍ ബദല്‍ നീക്കങ്ങള്‍ സജീവമാക്കാനായി ആംആദ്മി പാര്‍ട്ടി തയ്യാറെടുക്കുന്നത്. ട്വന്റി- 20യുമായാണ് ആദ്യ സഹകരണം.ട്വന്റി- 20യുമായി ചേര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അങ്ങനെയൊരു നീക്കമില്ലെന്ന് അറിയിക്കുകയായിരുന്നു.