കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ബസിടിച്ച് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; അപകടം വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍

തിരുവനന്തപുരം കാട്ടാക്കടയില്‍ ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥിനി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഇന്ന് വൈകിട്ടായിരുന്നു അപകടം നടന്നത്. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഭന്യ(18) ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് അഭന്യയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഭന്യ ഫോണ്‍ ചെയ്യുന്നതിനായി ബസ് സ്റ്റാന്റില്‍ ഒരു ഭാഗത്ത് നില്‍ക്കുകയായിരുന്നു. ഈ സമയം വിഴിഞ്ഞം ഭാഗത്ത് നിന്നെത്തിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനുള്ളിലെത്തി. തുടര്‍ന്ന് നിറുത്തിയിട്ട ബസ് അപ്രതീക്ഷിതമായി മുന്നോട്ടെടുത്തതോടെയാണ് അപകടം സംഭവിച്ചത്. ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയില്‍പെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തെ തുടര്‍ന്ന് സ്റ്റാന്റിലുണ്ടായിരുന്ന യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ആരോപിച്ച് യാത്രക്കാരും വിദ്യാര്‍ത്ഥികളും ബസ് സ്റ്റാന്റില്‍ സംഘടിച്ചു. ഈ സമയം ഡ്രൈവര്‍ കെഎസ്ആര്‍ടിസി സൂപ്രണ്ടിന്റെ ഓഫീസ് മുറിയിലേക്ക് ഓടിക്കയറി. ഡ്രൈവറെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു തര്‍ക്കം ആരംഭിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.