പ്രളയത്തിൽ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികൻ; പ്രദീപിന് ആദരാഞ്ജലികളുമായി മുഖ്യമന്ത്രി

സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ മരണപ്പെട്ട മലയാളി വ്യോമസേന ഓഫീസർ എ. പ്രദീപിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു. 2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദു:ഖത്തിൽ പങ്കു ചേരുന്നെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ മരത്തക്കര സ്വദേശിയാണ് എ പ്രദീപ്. എയർക്രാഫ്റ്റൽ ഫ്‌ളൈറ്റ് എഞ്ചിനീയറായിരുന്നു. പുത്തൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പൊന്നൂക്കര ചെമ്പം കണ്ടം റോഡിൽ മെമ്പിള്ളി അമ്പലത്തിന് സമീപം താമസക്കാരനായ അറക്ക്യൽ രാധാകൃഷ്ണന്റെ മകനാണ് പ്രദീപ്. ഭാര്യ ശ്രീലക്ഷ്മി. രണ്ട് മക്കളുണ്ട്.

Read more

2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ്, പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.