'ശാശ്വത പരിഹാരത്തിനുള്ള അടിയന്തര നടപടി വേണം'; രാധയുടെ മരണത്തിൽ ദുഃഖം പങ്കുവച്ച് പ്രിയങ്ക ഗാന്ധി

മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. രാധയുടെ വേർപാടിൽ കുടംബത്തിൻറെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

അതേസമയം രാധയെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാനുള്ള നടപടി ഇന്നു തന്നെ സ്വീകരിക്കുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. കടുവയെ നരഭോജി വിഭാഗത്തിൽ ഉൾപ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആർആർടി സംഘത്തെ വിന്യസിച്ചുവെന്നും മന്ത്രി അറിയിച്ചു. മരിച്ച രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകുമെന്നും മന്ത്രി അറിയിച്ചു.