'പാവപ്പെട്ടവനും ദളിതനും അവകാശങ്ങളില്ല, ആ ഫോട്ടോഗ്രാഫർ വർത്തമാന ഇന്ത്യയുടെ പ്രതിനിധാനം';  അസം വെടിവെയ്പ്പിൽ എ.എം ആരിഫ് എം.പി

അസമിലെ ദാരംഗ് ജില്ലയിൽ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി എംഎം ആരിഫ് എംപി. കുടിയൊഴിപ്പിക്കലിന്റെ പേരിൽ അസമിലെ ദളിതർക്കും മുസ്ലിംകൾക്ക് നേരെ പോലീസും ഭരണകൂടവും അഴിച്ചുവിട്ട നരനായാട്ടാണെന്ന് ആരിഫ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വിമർശിച്ചു.

വെടിയേറ്റ് വീണയാളുടെ ശരീരത്തിൽ ഫോട്ടോ​ഗ്രാഫർ ചവിട്ടുന്ന ദൃശ്യം കണുന്നവരുടെ നെഞ്ച് തകർക്കുന്നതാണെന്നും വികസനത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും പേരിൽ നടക്കുന്നത് വംശഹത്യയാണെന്നും എഎം ആരിഫ് പറഞ്ഞു. ജീവൻ പിടഞ്ഞു പോകുന്ന ഒരു വൃദ്ധന്റെ നെഞ്ചിൻ കൂടിൽ ഉയർന്നു ചാടി സന്തോഷം പ്രകടിപ്പിക്കുന്ന ഈ ഫോട്ടോഗ്രാഫർ വർത്തമാന ഇന്ത്യയുടെ ഒരു പ്രതിനിധാനമാണ്. ഇവിടുത്തെ പാവപ്പെട്ടവനും ദളിതനും ഈ മണ്ണിൽ അവകാശങ്ങളില്ല. കൂടുതലൊന്നും പറയാനില്ലെന്നും ആരിഫ് കുറിച്ചു. പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

“ചിത്രം കാബൂളിൽ നിന്നോ കാണ്ഡഹാറിൽ നിന്നോ അല്ല.ഇൻഡ്യയിലെ അസമിൽ നിന്നാണ്. വെടിയേറ്റ് പിടഞ്ഞു വീണ ഒരു മനുഷ്യന്റെ നെഞ്ചിൽ ആഹ്ലാദത്തോടെ ചാടിത്തിമർക്കുന്നത് കണ്ടില്ലേ… കാണുന്നവരുടെ കൂടെ നെഞ്ച് തകർന്നു പോകും…കടുത്ത സംഘ പരിവാറുകാരൻ ആണ് ഈ ഫോട്ടോ ഗ്രാഫർ…കുടിയൊഴിപ്പിക്കലിന്റെ പേരിൽ അസമിലെ ദളിതർക്കും മുസ്ലിംകൾക്ക് നേരെ പോലീസും ഭരണകൂടവും അഴിച്ചുവിട്ട നരനായാട്ട്.

വെടിവെപ്പിൽ പിടഞ്ഞു വീണത് അനേകം ജീവനുകൾ.കുടിയൊഴിപ്പിക്കലിനെതിരെയുള്ള ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് കണ്ണിൽ ചോരയില്ലാത്ത ഈ അതിക്രമങ്ങൾ…

ഹൃദയത്തിൽ ഒരിറ്റു മനുഷ്യത്വമില്ലാത്തവർ. വികസനത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും മറവിൽ നടക്കുന്ന വംശഹത്യകൾ…ഇവിടുത്തെ പാവപ്പെട്ടവനും ദളിതനും ഈ മണ്ണിൽ അവകാശങ്ങളില്ല. കൂടുതലൊന്നും പറയാനില്ല.

ജീവൻ പിടഞ്ഞു പോകുന്ന ഒരു വൃദ്ധന്റെ നെഞ്ചിൻ കൂടിൽ ഉയർന്നു ചാടി സന്തോഷം പ്രകടിപ്പിക്കുന്ന ഈ ഫോട്ടോഗ്രാഫർ വർത്തമാന ഇന്ത്യയുടെ ഒരു പ്രതിനിധാനമാണ്… അസമിലെ പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയാണ്.

ദരങ് ജില്ലയിലെ ധോല്‍പൂരിലെ ഗ്രാമീണ മേഖലയില്‍, ഭൂമികൈയ്യേറ്റം ആരോപിച്ചാണ് പതിറ്റാണ്ടുകളായി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പൊലീസ് അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

പ്രദേശത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് വര്‍ഗീയമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമം നടന്നത്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും തുല്യതയും സുരക്ഷയും നല്‍കുന്ന ഭരണഘടനയുടെ ഉറപ്പിന് നേരെയുള്ള കടന്നാക്രമണമാണിത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം. പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണം.”