‘നീതിമാനായ ഭരണാധികാരി, ആശയങ്ങളിൽ വെള്ളം ചേർക്കാത്ത നേതാവ്’; ജി.സുധാകരനെ പുകഴ്ത്തി വി.ഡി. സതീശൻ

ആശയങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് സതീശന്‍ സിപിഎം നേതാവ് ജി.സുധാകരനെ പുകഴ്ത്തിയത്.

നീതിമാനായ ഭരണാധികാരിയാണ് അദ്ദേഹം. ആയിരം കോടി രൂപ അദ്ദേഹത്തിന് അനുവദിച്ച് കിട്ടിയാല്‍ 140 എംഎല്‍എമാര്‍ക്കും തുല്യമായി അദ്ദേഹം നല്‍കിയിരുന്നു. ഞങ്ങളുടെ കൂടെ അതുപോലെ ആരെയും കണ്ടിട്ടില്ല. അങ്ങനെ ഒരാളെ കേരളത്തില്‍ ഉള്ളൂ. അതു ജി.സുധാകരന്‍ ആണെന്നും സതീശന്‍ പറഞ്ഞു.

കൃത്യമായ കൈകളിലേക്ക് എത്തുമ്പോഴാണ് ഓരോ അവാര്‍ഡും ധന്യമാകുന്നത്. ജി.സുധാകരന് അവാര്‍ഡ് നല്‍കുക എന്ന് പറഞ്ഞാല്‍ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരിച്ച് വി ഡി സതീശന്‍ പ്രതിപക്ഷത്തെ പ്രഗല്‍ഭനായ നേതാവാണെന്ന് പ്രശംസിച്ച ജി സുധാകരന്‍ ആരുടെയും പ്രത്യയശാസ്ത്രം വയറിളക്കം പോലെ ഒലിച്ചുപോവില്ലെന്ന് പറഞ്ഞു.

Read more

ആലപ്പുഴയില്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന രണ്ടു പരിപാടിയില്‍ നിന്ന് വിട്ടു നിന്ന ജി സുധാകരനാണ് ഇന്ന് തിരുവനന്തപുരത്ത് എത്തി പ്രതിപക്ഷനേതാവില്‍ നിന്ന് പുരസ്ക്കരം വാങ്ങിയത്. വേദിയില്‍ യുഡിഎഫ് നേതാക്കളായ ഷിബു ബേബി ജോണും എ എ അസീസും ബാബു ദിവാകരനുമുണ്ടായിരുന്നു.