2024ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർഥിയായി മത്സരിച്ചയാൾ കോൺഗ്രസിൽ ചേർന്നു. ട്വന്റി 20യിൽനിന്ന് രാജി വച്ച ആന്റണി ജൂഡിയാണ് ഇന്ന് കോൺഗ്രസിൽ ചേർന്നത്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ആന്റണി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലെ 10-ാം ഡിവിഷനായ രവിപുരത്ത് ആന്റണി ജൂഡി മത്സരിക്കും. ട്വന്റി 20 സ്ഥാപകൻ സാബു ജേക്കബിനെ വിമർശിച്ചു കൊണ്ടാണ് ആന്റണി ജൂഡി പാർട്ടി വിട്ടത്. ട്വന്റി 20 ഒരു കോർപറേറ്റ് പാർട്ടിയാണെന്നു പറഞ്ഞ ആന്റണി ജൂഡി, ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ആ പാർട്ടിയില്‍ വേദിയില്ലെന്നും ആന്റണി കുറ്റപ്പെടുത്തി.
Read more
‘‘അദ്ദേഹം തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രം നടപ്പാകുന്ന സംഘടനയാണ് ട്വന്റി 20. അത് ചോദ്യം ചെയ്തപ്പോഴെല്ലാം മാറ്റി നിർത്തപ്പെട്ടു എന്ന വേദനയുണ്ട്. അതിൽ പ്രതിഷേധിച്ചുകൊണ്ടും ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാതിരിക്കാനുമാണ് ട്വന്റി 20യിൽ നിന്നു രാജി വച്ചത്’’ – ജൂഡി പറഞ്ഞു.







