'ജി സുധാകരനെയും പാർട്ടിയെയും തമ്മിൽ തെറ്റിക്കാൻ ഗൂഡനീക്കം, പാർട്ടി രേഖ പുറത്തുവന്നതിൽ ഗൂഢാലോചന'; ആർ നാസർ

മന്ത്രി സജി ചെറിയനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത് വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. നാല് വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തു വന്നതെന്നും ഇതിൽ ഗൂഡലോചന ഉണ്ടെന്നും ആർ നാസർ പറഞ്ഞു.

ജി സുധാകരന് ജാഗ്രത കുറവ് ഉണ്ടായി എന്ന പരാമർശം മാത്രമാണ് റിപ്പോർട്ടിൽ ഉണ്ടായത്. റിപ്പോർട്ട്‌ മാറ്റാരുടെയും കൈയിൽ ഇല്ല. നാല് വർഷത്തിന് ശേഷം റിപ്പോർട്ട് പുറത്തു വന്നതിൽ ഗൂഡലോചന ഉണ്ട്. എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും അന്വേഷണം നടത്തി എല്ലാം അവസാനിപ്പിച്ചതാണെന്നും നാസർ പറഞ്ഞു.

അന്വേഷണം കഴിഞ്ഞിട്ട് കുറെ നാളായി. റിപ്പോർട്ട്‌ ആര് പുറത്ത് വിട്ടു എന്ന് കണ്ടു പിടിക്കുമെന്ന് നാസർ വ്യക്തമാക്കി. ആരോ ഇതിന്റെ പിന്നിൽ ഉണ്ട്. ജി സുധാകരനെയും പാർട്ടിയെയും തമ്മിൽ തെറ്റിക്കാൻ ഗൂഡനീക്കം നടക്കുന്നതായി ആർ നാസർ ആരോപിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉൾപ്പെടെയുള്ള ഗുരുതര പരാമർശങ്ങളുള്ള പാർട്ടി രേഖയാണ് പുറത്തുവന്നത്.

Read more