ദിലീപിന്റെ അഭിഭാഷകരുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതിന് എതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകരുടെ ഫോണ്‍സംഭാഷണം ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രൈാഞ്ചിനെതിരെ ബാര്‍കൗണ്‍സിലില്‍ പരാതി. കക്ഷിയും അഭിഭാഷകനും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനാണ്. ഈ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

ഹൈക്കോടതിയിലെ അഭിഭാഷകനായ സേതുരാമനാണ് പരാതി നല്‍കിയത്. നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകനായ രാമന്‍ പിള്ളയും അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകരും ദിലീപിന്റെ സഹോദരനും  തമ്മിലുള്ള സംഭാഷണമാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

Read more

അതേ സമയം വധഗൂഢാലോചന കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസുമായി മുന്നോട്ട് പോകാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി. തുടരന്വേഷണത്തിന് ഒന്നരമാസം കൂടിയാണ് അനുവദിച്ചിരിക്കുന്നത്. മെയ് 30നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. അന്വേഷണത്തിന് ഇനിയും സമയം നീട്ടിനല്‍കാന്‍ കഴിയില്ല. ഡിജിപി ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്നും കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.