സില്‍വര്‍ ലൈന്‍ കല്ലിടല്‍ തടയാനെത്തി 92-കാരിയും; ചെങ്ങന്നൂരില്‍ രണ്ടാം ദിവസവും സംഘര്‍ഷം

ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം കനക്കുന്നു. മുളക്കുഴ പിരളശ്ശേരിയില്‍ രണ്ടാം ദിവസവും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 92 വയസുകാരിയായ വൃദ്ധയുള്‍പ്പെടെയാണ് കല്ലിടാനെത്തിയെ ഉദ്യോഗസ്ഥരെ തടയാനെത്തിയത്. പിരളശേരി സ്വദേശിനി ഏലിയാമ്മയെ പൊലീസ് ഏറെ ശ്രമിച്ച ശേഷമാണ് പ്രതിഷേധത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.

പിരളശ്ശേരിയില്‍ ഊരിക്കടവ് തെക്കുഭാഗത്താണ് സില്‍വര്‍ ലൈന്‍ ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയത്. സ്ഥലത്ത് പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പൊലീസ് അകമ്പടിയോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. വീടുകളോട് ചേര്‍ന്നാണ് പല സ്ഥലങ്ങലിലും പദ്ധതിക്കായി കല്ലിടുന്നത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിഞ്ഞു. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും, ബി.ജെ.പിയും രംഗത്തെത്തി.

കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിഴുതെറിഞ്ഞ കല്ലുകള്‍ ഉദ്യോഗസ്ഥരെത്തി വീണ്ടും സ്ഥാപിച്ചു. ഇന്നലെ 13 കല്ലുകളാണ് സ്ഥലത്ത് സ്ഥാപിച്ചത്. പ്രതിഷേധം രൂക്ഷമായതോടെ വൈകിട്ട് കല്ലിടല്‍ നിര്‍ത്തി വച്ചിരുന്നു.

കെ റെയില്‍ വിരുദ്ധ സമിതി ജില്ലാ കണ്‍വീനറായ മധു ചെങ്ങന്നൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. പൊലീസ് അതിക്രമത്തിലൂടെ സ്ഥാപിക്കുന്ന സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിയുമെന്ന് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പദ്ധതി മുളക്കുഴ പഞ്ചായത്തിനെ രണ്ടായി വെട്ടിമുറിക്കുമെന്നും, മണ്ണ്-ഭൂമാഫിയകളെ സഹായിക്കാനാണ് പദ്ധതിയെന്നുമാണ് ആരോപണം.