കേരളത്തിന് മൂന്നാം വന്ദേഭാരത്; രണ്ടു ട്രെയിനുകള്‍ക്കുമുള്ള 'സ്റ്റെപ്പിനി'; മറ്റു ട്രെയിനുകള്‍ അറ്റകുറ്റപണികള്‍ക്ക് കയറ്റുമ്പോള്‍ മൂന്നാമന്‍ ട്രാക്കിലിറങ്ങും

കേരളത്തില്‍ ഇന്നലെ എത്തിയ മൂന്നാം വന്ദേഭാരത് ഉടന്‍ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ. തിരുവനന്തപുരം-കാസര്‍കോഡ് റൂട്ടുകളില്‍ ഓടുന്ന രണ്ടു വന്ദേഭാരത് ട്രെയിനുകള്‍ക്കു ‘സ്റ്റെപ്പിനി’ ആയി ഉപയോഗിക്കാനാണ് മൂന്നാം വന്ദേഭാരത് കൈമാറിയിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ചെന്നൈയില്‍ നിന്ന് ഇന്നലെയാണ് മൂന്നാമത്തെ വന്ദേഭാരത് റേക്ക് കൊച്ചുവേളിയിലെത്തിയത്. ആലപ്പുഴ വഴി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാസര്‍ഗോഡ് – തിരുവനന്തപുരം (20631/30632) വന്ദേഭാരത് എക്സ്ര്പസിന്റെ പകരക്കാരനായി ഈ ട്രെയിന്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം.

വണ്ടിയുടെ പ്രതിദിന അറ്റകുറ്റപ്പണി പ്രതിസന്ധിയിലായതിനാലാണിത്. നിലവില്‍ ഓടുന്ന ഓറഞ്ച് വന്ദേഭാരത് രാത്രി കാസര്‍കോട് നിര്‍ത്തിയാല്‍ പ്രതിദിന അറ്റകുറ്റപ്പണി നടക്കില്ല. എന്നാല്‍ മംഗളൂരുവില്‍ വൈദ്യുതീകരിച്ച പിറ്റ് ലൈനും പരിശീലനം ലഭിച്ച എന്‍ജിനിയറിങ് ജീവനക്കാരുമുണ്ട്. കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് അരമണിക്കൂര്‍ യാത്ര മതി.

കൃത്യമായ അറ്റകുറ്റപ്പണി നടത്തി രാവിലെ ഏഴിന് കാസര്‍കോട്ടുനിന്ന് പുറപ്പെടാം. നിലവില്‍ വണ്ടിക്ക് രണ്ടു ദിവസങ്ങളിലായി കൊച്ചുവേളിയില്‍ അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഇതിനുവേണ്ടി രണ്ടുദിവസം സര്‍വീസ് നടത്തുന്നില്ല. പുതിയ ട്രെയിന്‍ എത്തിയതോടെ ഈ താമസം ഒഴിവാക്കാനാവുമെന്നാണ് റെയില്‍വേ കരുതുന്നത്.