'ആര് പറഞ്ഞാലും കേരളം നന്നാവില്ല' കൊടിമരങ്ങള്‍ക്ക് എതിരെ വീണ്ടും ഹൈക്കോടതി

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം നന്നാവില്ലെന്ന് കോടതി വിമര്‍ശിച്ചു. കൊടിമരങ്ങള്‍ ഒഴിവാക്കാനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

തിരുവനന്തപുരത്ത് പോയപ്പോള്‍ നിരവധി കൊടിമരങ്ങള്‍ ഇത്തരത്തില്‍ കണ്ടുവെന്നും, കൂടുതലും ചുവന്ന കൊടികള്‍ ആയിരുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും, പിഴ ഈടാക്കുമെന്നും കോടതി പറഞ്ഞിരുന്നു.

അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കണം. സ്വമേധയാ ഇവ എടുത്തുമാറ്റാനും കോടതി സമയം അനുവദിച്ചിരുന്നു. 25 ാം തിയതിക്കകം നീക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇപ്പോഴും പഴയ സ്ഥിതി തന്നെയാണെന്ന് കോടതി കുറ്റപ്പെടുത്തി.

Read more

അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് 42,337 ഓളം കൊടിമരങ്ങള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇവയില്‍ എത്ര എണ്ണം നീക്കി എന്നതില്‍ വ്യക്തത വന്നിട്ടില്ല. പൊതു ഇടങ്ങളില്‍ കൊടിമരം സ്ഥാപിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ, അധികാരികളില്‍ നിന്നോ അനുമതി വാങ്ങേണ്ടതുണ്ട്. കേരളത്തില്‍ അനുമതിയില്ലാതെ ആര്‍ക്കും എവിടെയും കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്ന സ്ഥിതിയാണെന്ന് കോടതി നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കുറ്റപ്പെടുത്തിയിരുന്നു.