'കെ. റെയില്‍ ഡി.പി.ആര്‍ അപൂര്‍ണം'; സ്പീക്കര്‍ക്ക് പരാതി നല്‍കി അന്‍വര്‍ സാദത്ത് എം.എല്‍.എ

സര്‍ക്കാര്‍ പുറത്ത് വിട്ട കെ റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടി അന്‍വര്‍ സാദത്ത് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭ ചോദ്യത്തിന്റെ ഭാഗമായി ലഭിച്ച രേഖയില്‍ നിര്‍ണ്ണായകമായ പല വിവരങ്ങളും ഇല്ല. റിപ്പോര്‍ട്ട് അപൂര്‍ണമായ സാഹചര്യം വെളിപ്പെടുത്തണമെന്നും, പൂര്‍ണമായ ഡി.പി.ആര്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്നും അന്‍വര്‍ സാദത്ത് കത്തില്‍ ആവശ്യപ്പെട്ടു.

115 കിലോമീറ്റര്‍ വരെയുള്ള റെയില്‍ പാതയുടെ വിവരങ്ങളാണ് നല്‍കിയത്. 415 കിലോമീറ്റര്‍ പാതയുടെ അലൈന്‍മെന്റില്ല. പ്രധാനപ്പെട്ട പല സ്റ്റേഷനുകളുടെയും വിശദാംശങ്ങള്‍ ഇല്ല. സാമ്പത്തിക, സാങ്കേതിക, ഫീസിബിലിറ്റി സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയട്ടില്ല. സര്‍ക്കാര്‍ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം മറച്ചു വയ്ക്കുകയാണ്. ഇതിനെ കുറിച്ച് സ്്പീക്കര്‍ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ റെയില്‍ വിഷയത്തില്‍ അവകാശ ലംഘനം നടത്തിയെന്നാരോപിച്ച് എം.എല്‍എ നേരത്തെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പദ്ധതിയുടെ ഡി.പി.ആര്‍ പകര്‍പ്പ് സഭയില്‍ നല്‍കിയെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ലെന്നായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയത്.