ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം തട്ടിച്ചെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കെതിരെ പൊലീസ് കേസെടുത്തു. ‘ഇന്‍സോമ്‌നിയ’ എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കൊച്ചി സ്വദേശി ബെന്നി വാഴപ്പിള്ളിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് മെന്റലിസ്റ്റ് ആദിക്കെതിരെ കേസെടുത്തത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയ്ക്ക് പുറമേ മൂന്നിലൊന്ന് ലാഭവിഹിതം വാഗ്ദാനം ചെയ്തു പ്രതികള്‍ വഞ്ചിച്ചുവെന്നാണ് പരാതി.
35 ലക്ഷം ഇന്‍സോംനിയ പരിപാടിയില്‍ നിക്ഷേപിപ്പിച്ചിട്ട് പിന്നീട് നിക്ഷേപത്തുകയോ ലാഭവിഹിതമോ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി. ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. രണ്ട് ഘട്ടങ്ങളിലായി പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്നായി മൊത്തം 35 ലക്ഷം രൂപ നല്‍കിയെങ്കിലും പണം തിരികെ നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.മെന്റലിസ്റ്റ് ആദിയെന്നറിയപ്പെടുന്ന ആദര്‍ശിനെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
Read more
മെന്റലിസ്റ്റ് ആദിക്ക് പുറമേ സംവിധായകന്‍ ജിസ് ജോയ്, പരിപാടിയുടെ കോ-പ്രൊഡ്യൂസര്‍മാരായ മിഥുന്‍, അരുണ്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസുമായി ബന്ധമില്ലെന്ന് സംവിധായകന്‍ ജിസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്നും ജിസ് ജോയ് വ്യക്തമാക്കി.







