എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പൂജാരിയാകാമെന്ന സുപ്രീം കോടതി വിധി വന്നിട്ട് 21 വര്‍ഷം, നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് പേടി,ജാതി വിവേചനം നേരിട്ട ദേവസ്വം മന്ത്രി പോലും മിണ്ടുന്നില്ല

ജാതി ഭേദമന്യേ വേദങ്ങളിലും തന്ത്ര ശാസ്ത്രങ്ങളിലും അറിവുള്ള എല്ലാ ഹിന്ദുക്കള്‍ക്കും ദേവസ്വം ബോര്‍ഡിന്റെതുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാമെന്ന സുപ്രീം കോടതി വിധി വന്നിട്ട് 21 വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും മൂന്ന് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലും, കൂടല്‍ മാണിക്യം, ഗുരുവായൂര്‍ തുടങ്ങിയ ദേവസ്വം ട്രസ്റ്റുകളിലും മലയാള ബ്രാഹ്‌മണര്‍ അഥവാ നമ്പൂതിരിമാര്‍ തന്നെ പൂജാരിമാരായി വേണമെന്ന് ബോര്‍ഡുകള്‍ പരസ്യം ചെയ്യുകയും ഇവരെ തന്നെ തിരഞ്ഞെടുത്ത് പൂജാരിമാരായി നിയമിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്. മലയാള ബ്രാഹ്‌മണര്‍ എന്ന് വിളിക്കുന്ന നമ്പൂതിരിമാരെ പൂജക്ക് കിട്ടിയില്ലങ്കില്‍മാത്രം മറ്റു വിഭാഗത്തില്‍ പെട്ടെ ബ്രാഹ്‌മണരെയും എടുക്കാറുണ്ട്.

2002 ലാണ് എന്‍ ആദിത്യന്‍ v/s തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്ന കേസില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചത്. യഥാവിധി പ്രകാരം പൂജകളെല്ലാം പഠിച്ച തന്നെ മലയാള ബ്രാഹ്‌മണന്‍ അല്ല കാരണത്തില്‍ കൊങ്ങോര്‍പ്പിള്ളി നീരിക്കോട് ശിവക്ഷേത്രത്തില്‍ പൂജാരിയായി നിയമിച്ചില്ലന്ന് കാണിച്ചാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. വേദങ്ങളും തന്ത്ര കാര്യങ്ങളിലും അറിവുള്ള ഹിന്ദുമത വിശ്വാസി അയാള്‍ ഏത് ജാതിയില്‍ പെട്ടയാളായാലും അമ്പലത്തില്‍ പൂജാരിയാകാമെന്നാണ് അന്ന് സൂപ്രിം കോടതി വിധിച്ചത്. എന്നാല്‍ ചരിത്ര പ്രധാനമായ ഈ വിധിപാലിക്കുന്നതില്‍ ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും വീഴ്്ച വരുത്തുകയായിരുന്നു. ഇടക്കിടെ ഏതെങ്കിലും അബ്രാഹ്‌മണ ശാന്തിക്കാരനെ ചെറിയ ക്ഷേത്രങ്ങളില്‍ നിയമിച്ചത് വലിയ വാര്‍ത്തയാക്കി മാറ്റുന്നതല്ലാതെ മേജര്‍ – ഇടത്തം ക്ഷേത്രങ്ങളില്‍ ഒന്നില്‍ ഒരു അബ്രാഹ്‌മണന്‍ പോലും പൂജാരിയായിട്ടില്ല.

തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ അബ്രാഹ്‌മണ വിഭാഗത്തില്‍ പെട്ടശാന്തിക്കാരുണ്ടെങ്കിലും അവരെയൊക്കെ അപ്രധാനമായ ചില ക്ഷേത്രങ്ങളിലാണ് പൂജാരിമാരായി വച്ചിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ശബരി മല, വൈക്കം, തൃപ്പൂണിത്തുക, ചോറ്റാനിക്കര, വടക്കുംനാഥ ക്ഷേത്രം തുടങ്ങിയ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നും അബ്രാഹ്‌മണര്‍ ആയ പൂജാരിമാരെ കാണാറില്ല. ഇവിടെയെല്ലാം നമ്പൂതിരിമാര്‍ എന്ന് വിളിക്കപ്പെടുന്ന കേരളാ ബ്രാഹ്‌മണര്‍ ആണ് പൂജ ചെയ്യുന്നത്.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അമ്പലത്തിലെ പരിപാടിക്കിടയില്‍ പൂജാരിമാരില്‍ നിന്നും ജാതി വിവേചനം നേരിടേണ്ടി വന്നു എന്ന് തുറന്ന് അദ്ദേഹം തുറന്ന് പറഞ്ഞതോടെയാണ് ഈ വിഷയത്തില്‍ വീണ്ടും വിവാദം പൊട്ടിമുളച്ചത്.പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ജനുവരിയിലായിരുന്നു സംഭവം. ചടങ്ങില്‍ പൂജാരിമാര്‍ വിളക്ക് കൊളുത്തിയ ശേഷം മന്ത്രിക്ക് നല്‍കാതെ നിലത്ത് വയ്ക്കുകയായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത് പറഞ്ഞു. കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

സുപ്രീം കോടതി വിധിയുണ്ടായിട്ടും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഈ വിധി നടപ്പാക്കാനുള്ള ധൈര്യം കാണിച്ചില്ല. സുപ്രീ കോടതി സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ മുന്‍കൈഎടുത്ത് യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുകയും അത് വലിയൊരു ക്രമസമാധാന പ്രശ്‌നമായി വളരുകയും ചെയ്തപ്പോഴും അബ്രാഹ്‌മണരെ പൂജാരിമാരാക്കാമെന്ന വിധി പാലിക്കാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ അടക്കം ശ്രദ്ധിക്കുകയും ചെയ്തു.

താന്‍ നേരിട്ട ജാതി വിവേചനത്തെക്കുറിച്ച് ദേവസ്വം മന്ത്രി തന്നെ വെളിപ്പെടുത്തുമ്പോഴും എല്ലാ ഹിന്ദുക്കളെയും പൂജാരിമാസുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് പറയാന്‍ അദ്ദേഹത്തിനും ധൈര്യമില്ല. സുപ്രീം കോടതി വിധി പാലിക്കാന്‍ ശബരിമലയില്‍ യുവതികളെ കയറ്റുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനും 2002 ലെ സു്പ്രീം കോടതി വിധി പാലിക്കുമെന്ന് പറയാന്‍ ധൈര്യം കാണിക്കുന്നില്ല എന്നതാണ് വസ്തുത.