പണം നല്‍കാതെ പറ്റിച്ചു, കേരളത്തെ വിശ്വാസമില്ല; 131 കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടുനല്‍കാതെ ലെയ്‌ലന്‍ഡും നവകേരള ബസ് നിര്‍മിച്ച കമ്പനിയും; ഒടുവില്‍ ബസ് തിരിച്ചു പിടിച്ച് തുടങ്ങി

കെഎസ്ആര്‍ടിസി ഉന്നതര്‍ ഇടപെട്ടതോടെ ബോഡി നിര്‍മാണം കഴിഞ്ഞ് പിടിച്ചുവെച്ച 20 ബസുകള്‍ വിട്ടുനല്‍കി അശോക് ലെയ്‌ലന്‍ഡും ബെംഗളൂരുവിലെ ബസ് ബോഡിബില്‍ഡിംങ്ങ് കമ്പനിയും. 2017 മുതല്‍ കെഎസ്ആര്‍ടിസി ബസിന് ബോഡി നിര്‍മിച്ച് നല്‍കിയ തുക കൃത്യമായി നല്‍കാത്തതിനാലാണ് ബെംഗളൂരുവിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് ബോഡി നിര്‍മാണം പൂര്‍ത്തിയായ ബസുകള്‍ വിട്ടു നല്‍കാതിരുന്നത്.

അശോക് ലെയ്‌ലന്‍ഡില്‍ നിന്നും വാങ്ങുന്ന ബസുകള്‍ ബെംഗളൂരുവിലെ ബസ് ബോഡി ബില്‍ഡിംങ്ങ് കമ്പനിയില്‍ നിര്‍മിക്കാനാണ് കെഎസ്ആര്‍ടിസി ധാരണ ഉണ്ടാക്കിയത്. എന്നാല്‍, ഈ രണ്ടു കമ്പനികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി മൂലം ബസുകളുടെ പണം കൈമാറാന്‍ കൃത്യസമയത്ത് സാധിച്ചില്ല.

തുടര്‍ന്നാണ് ഇരുവരും സംയുക്തമായി നിര്‍മാണം പൂര്‍ത്തിയിയാക്കിയ ബസുകള്‍ പിടിച്ചിട്ടത്. 2017ല്‍ ബസ് വാങ്ങിയതിന് വേറെ 4.5 കോടി രൂപ ഇനിയും കമ്പനിക്കു കൊടുക്കാനുമുണ്ട്. കഴിഞ്ഞ ബജറ്റ് വിഹിതത്തില്‍ അനുവദിച്ച തുകയില്‍ കരാര്‍ നല്‍കിയ 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ 20 എണ്ണമാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായി കൈമാറാന്‍ സജ്ജമായെത്തിയത്.

ഒരു ബസിന് 38.5 ലക്ഷം രൂപയാണു വില. 50 കോടി രൂപയാണ് 131 ബസുകള്‍ക്ക് നല്‍കേണ്ടത്. ഇതില്‍ പകുതി തുക നല്‍കാതെ ബസുകള്‍ കൈമാറില്ലെന്ന്, കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ഇടപാടില്‍ വിശ്വാസമില്ലാത്തതിനാല്‍ അശേക് ലൈലാന്‍ഡ് നിലപാട് സ്വീകരിച്ചു.

20 ബസുകള്‍ നിര്‍മാണം പൂര്‍ത്തിയായി അശോക് ലെയ്‌ലന്‍ഡിന്റെ ബെംഗളൂരു നിര്‍മാണശാലയില്‍ എത്തുകയും ചെയ്തു. പകുതി പണമെങ്കിലും വേണമെന്ന നിലപാട് ചര്‍ച്ചകളെത്തുടര്‍ന്ന് മയപ്പെടുത്തി 5 കോടിയെങ്കിലും തന്നാല്‍ 20 ബസുകള്‍ ഉടന്‍ കൈമാറാമെന്ന് കമ്പനി നിര്‍ദേശം വച്ചു. ധനവകുപ്പിന്റെ കയ്യില്‍ പണമില്ലാത്തിനാല്‍ ഇതും നടന്നില്ല.

തുടര്‍ന്ന് ഇന്നലെ 1.15 കോടി രൂപ കൊടുത്ത് മൂന്നു ബസുകളും ഇന്നു 1.92 കോടി കൊടുത്ത് നാലു ബസുകളും കെഎസ്ആര്‍ടിസി വാങ്ങിച്ചെടുത്തിട്ടുണ്ട്. ബാക്കി പണം കൊടുക്കുന്ന മുറയ്ക്ക് ബസുകള്‍ വിട്ടു നല്‍കാമെന്നാണ് അശോക് ലൈലാന്‍ഡും ബസ് ബോഡി ബില്‍ഡിങ്ങ് കമ്പനിയും നിലപാട് എടുത്തിരിക്കുന്നത്. ശബരിമലയില്‍ നിന്നും കിട്ടുന്ന അധികവരുമാനം ഉപയോഗിച്ച് ബസുകള്‍ തിരിച്ചെടുക്കാനാണ് കെഎസ്ആര്‍ടിസി ഉദേശിച്ചിരിക്കുന്നത്.