വന്ദനയുടെ ശരീരത്തില്‍ 11 കുത്തുകള്‍, ശരീരത്തിലാകെ 23 മുറിവുകള്‍; മരണകാരണം തലയിലും മുതുകിലുമേറ്റ കുത്ത്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ ശരീരത്തില്‍ 11 കുത്തുകളേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകള്‍, ശരീരത്തിലാകെ 23 മുറിവുകള്‍. മരണകാരണം മുതുകിലും തലയിലുമേറ്റ കുത്തുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വന്ദനയ അക്രമി കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പ്രതിയായ അധ്യാപകന്‍ യുവതിയായ ഡോക്ടര്‍ വന്ദനദാസിന്റെ നെഞ്ചില്‍ കറയിയിരുന്നാണ് കുത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതിനിടെ കുതറി ഓടിയ ഡോക്ടര്‍ നിലത്ത് വീഴുകയും പിന്നാലെ എത്തിയ പ്രതി പുറത്ത് കയറിയിരുന്ന് നട്ടെല്ലിനടക്കം തുരുതുരാ കുത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

തടയാന്‍ ശ്രമിച്ച എയ്ഡ് പോസ്റ്റിലെ ജീവനക്കാരന് നേരെയും ആക്രമണമുണ്ടായി. പുലര്‍ച്ചെ പോലീസുകാര്‍ ആശുപത്രിയിലെത്തിച്ച സന്ദീപ് ആദ്യം ശാന്തനായിരുന്നെങ്കിലും പെട്ടെന്ന് അക്രമാസക്തനായി. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന സര്‍ജിക്കല്‍ കത്തി കൈക്കലാക്കി ഒപ്പമെത്തിയ ബന്ധുവായ ബിനുവിനെ കുത്തി.

ഇത് കണ്ട് തടസം പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു. ഇതോടെ എല്ലാവരും ഓടിയൊളിച്ചു. എന്നാല്‍, ഡോക്ടര്‍ ഡ്രസിംഗ് റൂമില്‍ ഒറ്റപ്പെട്ടു പോകുകയായിരുന്നു. തുടര്‍ന്നാണ് കേരളം ഞെട്ടിയ സംഭവം അരങ്ങേറിയത്.