ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിന്റെ പ്രകടനത്തെ കുറിച്ച് വാനോളം പുകഴ്തയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:
‘അഞ്ചാം ദിനം ബെൻ സ്റ്റോക്സ് 9.2 ഓവറോളം നീണ്ടുനിന്ന ഒരു മാരത്തോൺ സ്‌പെൽ എറിഞ്ഞു. എന്തൊരു കളിക്കാരനാണ്. ബാറ്റിങ് ബൗളിങ് എന്നിവക്ക് പുറമെ ആദ്യ ഇന്നിങ്‌സിൽ റിഷഭ് പന്തിനെ റണ്ണൗട്ടാക്കാനും സ്റ്റോക്‌സിന് സാധിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ വർക്ക് ലോഡിനെ കുറിച്ച് ആരും സംസാരിക്കില്ല. എന്നാൽ ഇന്ത്യൻ ടീമിലെ സ്ഥിതി അങ്ങനെയല്ല”
Read more
” ബുംറ അഞ്ച് ഓവർ എറിഞ്ഞതിന് ശേഷം ജോ റൂട്ട് ബാറ്റിങ്ങിന് വരാൻ വേണ്ടി കാത്തിരിക്കും (രണ്ടാം ഇന്നിങ്‌സിൽ). കളി നിയന്ത്രിക്കേണ്ട സമയത്തായിരുന്നു ഇത്. അത് നിരാശാജനകമായിരുന്നു. എഡ്ജാബ്സ്റ്റൺ മത്സരത്തിൽ നിന്നും മാറി നിന്നപ്പോൾ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രണത്തിലായിട്ടുണ്ട്. ഒരു മത്സരം കളിക്കുമ്പോൾ ജോലിഭാരം മാനേജ് ചെയ്യുക എന്നൊരു കാര്യമില്ല. നിങ്ങൾ എന്ത് വിലകൊടുത്തും വിജയിക്കുക എന്ന് മാത്രമേയുള്ളൂ. ഇന്ത്യൻ ക്യാമ്പ് അത് കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നു” ഇർഫാൻ പത്താൻ പറഞ്ഞു