ഒരു കിലോ തക്കാളിയുമായി വന്നാൽ ചിക്കൻ ബിരിയാണി സൗജന്യം

തക്കാളി വില കുതിച്ചുയരുമ്പോൾ ഹോട്ടലുടമയുടെ ഓഫർ വൈറലാവുന്നു. ഒരു കിലോ തക്കാളിയുമായി എത്തുന്നവർക്ക് ചിക്കൻ ബിരിയാണി സൗജന്യമായി നൽകുമെന്നാണ് ഹോട്ടലിലെ ഓഫർ. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ആമ്പൂർ ബിരിയാണി കടയിലാണ് ഓഫർ വിൽപ്പന നടക്കുന്നത്.

ചൊവ്വാഴ്ച ഒരു ദിവസത്തേക്കായിരുന്നു ഓഫർ. രണ്ടു ചിക്കൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി അങ്ങോട്ടു നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. രാവിലെ മുതൽ കടയ്ക്കു മുമ്പിൽ ആളുകളുടെ നീണ്ട നിരയായിരുന്നു. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയായിരുന്നു ഓഫർ കച്ചവടം. രണ്ടു ബിരിയാണി വാങ്ങി, സൗജന്യ തക്കാളിയുമായി പോയവരാണ് കൂടുതൽ. കടയിൽ 80 രൂപയാണ് ഒരു ബിരിയാണിയുടെ വില. അതേസമയം, തമിഴ്നാട്ടിൽ കിലോയ്ക്കു 140 രൂപ വരെയാണ് തക്കാളിയുടെ വില.