കണ്ണൂര്‍ കലോത്സവം: മത്സരിക്കാന്‍ ഹാജരാക്കിയതില്‍ പകുതിയും വ്യാജ അപ്പീല്‍ ഉത്തരവുകള്‍

Advertisement

കഴിഞ്ഞ കൊല്ലം കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മിഷന്റെ പേരില്‍ അപ്പീല്‍ ഉത്തരവുമായി മത്സരിച്ചതില്‍ പകുതിയും വ്യാജം. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. 58 അപ്പീല്‍ ഉത്തരവുകളാണ് അന്ന് ബാലാവകാശ കമ്മിഷന്‍ നല്‍കിയത്. എന്നാല്‍, അക്കൊല്ലം സ്റ്റേജില്‍ മത്സരിച്ചത് 116 അപ്പീല്‍ ഉത്തരവുകളിലെ മത്സരാര്‍ഥികളായിരുന്നു. 67 എണ്ണമാണ് നല്‍കിയതെന്നായിരുന്നു ബാലാവകാശ കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം നടത്തിയ വിശദമായ തെളിവെടുപ്പിലാണ് 58 എണ്ണമേ ഉള്ളൂ എന്നു മനസ്സിലായത്. 116-ലെ ബാക്കി 58 വ്യാജമെന്ന് അങ്ങനെ ഉറപ്പായി.

വ്യാജ ഉത്തരവുകളില്‍ ഗ്രൂപ്പ് ഇനത്തിലുള്ളവയും ഉണ്ട്. അതിനാല്‍ കുട്ടികളുടെ എണ്ണം 58-ല്‍ കൂടുതലാണെന്ന് വ്യക്തമാണ്. ഇങ്ങനെ മത്സരിച്ചവരില്‍ എ ഗ്രേഡ് കിട്ടിയവര്‍ക്ക് എസ്.എസ്.എല്‍.സി.യ്ക്ക് 30 മാര്‍ക്കും കിട്ടും. അനധികൃതമായി നേടിയ എ ഗ്രേഡുകള്‍ റദ്ദാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചിട്ടുണ്ട്.

ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ എത്തിയ വാര്‍ത്ത മാതൃഭൂമിയാണ് ഇത്തവണ തൃശ്ശൂരില്‍ നടന്ന കലോത്സവത്തിനു തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ചത്. നീതിന്യായ സംവിധാനങ്ങള്‍ നല്‍കുന്ന അപ്പീല്‍ ഉത്തരവുകള്‍ മറ്റൊരു പരിശോധനയില്ലാതെ സ്വീകരിച്ചിരുന്നതാണ് വ്യാജ അപ്പീല്‍ റാക്കറ്റിന് തുണയായിരുന്നത്. ഒന്നാമതായി പ്രതിചേര്‍ക്കപ്പെട്ട തിരുവനന്തപുരം വട്ടപ്പാറ കണക്കോട് ചിലക്കാട്ടില്‍ വീട്ടില്‍ സതികുമാറിനെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ നൃത്താധ്യാപകരായ ജോബിന്‍ ജോര്‍ജ്, സൂരജ് എന്നിവര്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. നൃത്താധ്യാപകരായ വൈശാഖന്‍, മുനീര്‍ എന്നിവര്‍ ഒളിവില്‍ പോയിട്ടുണ്ട്.