വസ്തു തര്‍ക്കം: തൊണ്ണൂറുകാരിയെ കട്ടില്‍ സഹിതം സ്റ്റേഷനിലെത്തിച്ചു

റാന്നി: വസ്തു തര്‍ക്കത്തിന്റെ പേരില്‍ 90 വയസുകാരിയെ കട്ടിലില്‍ ചുമന്ന് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് റാന്നി പോലീസ് സ്റ്റേഷനിലാണ് സംഭവം.

പരാതിയുണ്ടെങ്കില്‍ നേരില്‍ സ്റ്റേഷനിലെത്തി ബോധിപ്പിക്കണമെന്ന് ഒരു പോലീസുകാരന്‍ പറഞ്ഞതനുസരിച്ചാണ് കിടപ്പിലായ വയോധികയെ കട്ടില്‍ സഹിതം സ്റ്റേഷനില്‍ എത്തിച്ചതെന്നാണ് മക്കളും ബന്ധുക്കളും നാട്ടുകാരും പറഞ്ഞത്. എന്നാല്‍, ഇങ്ങനെ പോലീസ് നിര്‍ദേശിച്ചിട്ടില്ലെന്നാണ് സി.ഐ. പറയുന്നത്.

റാന്നി പുതുശേരിമല മീമ്പനയ്ക്കല്‍ മറിയാമ്മ വര്‍ഗീസിനെ(90) യാണു പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഇവരും കുടുംബവും താമസിക്കുന്ന ഭൂമി സംബന്ധിച്ച് മാര്‍ത്തോമ്മാ സുവിശേഷസംഘവുമായാണു തര്‍ക്കം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് തനിക്കു ലഭിച്ച 16 സെന്റിലാണ് മകളും മരുമകനും അടങ്ങുന്ന കുടുംബം താമസിക്കുന്നതെന്നും വസ്തുവിന്റെ കൈവശാവകാശരേഖ തങ്ങളുടെ പക്കലുണ്ടെന്നും ഭൂമിക്ക് കരം ഒടുക്കുന്നുണ്ടെന്നും മറിയാമ്മ പറയുന്നു.

എന്നാല്‍, ഈ ഭൂമി മാര്‍ത്തോമ്മാ സുവിശേഷസംഘത്തിന്റേതാണെന്നും എതിര്‍കക്ഷികള്‍ അനധികൃതമായി കൈയേറിയതാണെന്നുമാണ് സഭാ വൈദികന്‍ അടക്കമുള്ളവര്‍ അറിയിച്ചത്. വസ്തുവിന്റെ ആധാരം അടക്കമുള്ള രേഖ വൈദികന്‍ കാണിച്ചതായി റാന്നി സി.ഐ: ന്യൂമാന്‍ പറഞ്ഞു.