ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചിരുന്നു, ദേവാസുരത്തിലെ ഭാനുമതിയാകാന്‍ കാരണം സംവിധായകന്‍: രേവതി

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളില്‍ മോഹന്‍ലാലിനെ നായകനാക്കി ഐ.വി ശശി ഒരുക്കിയ ദേവാസുരം. മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി വെള്ളിത്തിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചപ്പോള്‍ രേവതിയുടെ ഭാനുമതി എന്ന കഥാപത്രവും ഏറെ ശ്രദ്ധേയമായി.

രേവതി അവതരിപ്പിച്ച ഭാനുമതി എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ അടക്കം ആദ്യം നിര്‍ദേശിച്ചത് മറ്റ് രണ്ട് പ്രമുഖ നടിമാരെയാണ്. ഇതേ കുറിച്ച് രേവതി തന്നെ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. മോഹന്‍ലാലാണ് രേവതിയെ ദേവാസുരത്തിലേക്ക് നിര്‍ദേശിച്ചതെന്ന് ഒരിക്കല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ദേവാസുരത്തില്‍ വേഷം നല്‍കിയ മോഹന്‍ലാലിനോട് പിന്നീട് രേവതി യാതൊരു നന്ദിയും പറഞ്ഞില്ല എന്ന തരത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍, മറ്റ് നടിമാരെയാണ് മോഹന്‍ലാല്‍ ഈ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചതെന്നും തന്നെ വിളിച്ചത് ഐ.വി ശശി സാര്‍ ആയിരുന്നെന്നും രേവതി മറുപടി പറഞ്ഞിരുന്നു.

മൂന്ന് നടിമാരെയാണ് ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത്. ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു. അവരില്‍ ആരെങ്കിലും മതി എന്ന രീതിയില്‍ തന്നെ നിന്നു. കാരണം അവര്‍ രണ്ടുപേരും നര്‍ത്തകിമാരാണ്.

പക്ഷെ ഐ.വി ശശി സാറാണ് താന്‍ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോല്‍വിക്ക് കാരണമാകുന്ന ഭാനുമതിയായും താന്‍ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് താന്‍ ഭാനുമതിയാകാന്‍ കാരണമായത് എന്നാണ് രേവതി പറഞ്ഞത്.