'അനന്തഭഭ്രം രണ്ടാം ഭാ​ഗം'; തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

അനന്തഭദ്രംത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ ഇനി ദിഗംബരനാകാന്‍ താൻ ഇല്ലെന്നുമാണ് മനോജ് പറഞ്ഞത്. ബിഹൈഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെപ്പറ്റിയും താൻ അഭിനയിക്കുന്നില്ലെന്ന കാര്യത്തെപ്പറ്റിയും സംസാരിച്ചത്.

അനന്തഭദ്രം രണ്ടാം ഭാഗം വരുന്നുണ്ട്. എന്നാല്‍ വീണ്ടും ദിഗംബരനാകാന്‍ തനിക്ക് പേടിയാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമില്ലെന്ന് തന്നെ പറയാം. ഒരു ഭാഗം പോരെ ആ സിനിമയ്ക്ക്. ആദ്യ ഭാഗമായിരുന്നു നല്ലതെന്ന് പിന്നീട് ആളുകള്‍ പറയുന്ന ഒരു അവസ്ഥയിലേക്ക് നമ്മള്‍ എത്തിക്കണ്ടല്ലോ. ആ കാലത്തുണ്ടായ ഊര്‍ജത്തിലും പവറിലും ഡെഡിക്കേഷനിലുമൊക്കെ ചെയ്ത് പോയതായിരിക്കും ആ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും അതിന്റെ പുറകെ പോകുന്നത് അത്ര പന്തിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അനന്തഭദ്രത്തിന്റെ കഥ കേട്ടപ്പോള്‍ ആദ്യം അന്തം വിട്ട് പോയിരുന്നു. ഡാന്‍സുമായി ഒരു ബന്ധവുമില്ലാത്ത ഒരാളാണ് താന്‍. എന്നാൽ പടം കണ്ടിട്ട് ചിലര്‍ എന്നോട് കളരിയുമായി ബന്ധമുണ്ടോ എന്നെക്കെ ചോദിച്ചിട്ടുണ്ട്. അതെല്ലാം അറിയാതെ സംഭവിച്ച് പോയതാണ്. ആ കഥാപാത്രമാകുമ്പോള്‍ നമ്മളില്‍ അറിയാതെ ഉണ്ടാവുന്ന സംഭവങ്ങളാണ് അതെല്ലാം.

ഒരു തയ്യാറെടുപ്പുകളും ചെയ്യാതെ വന്ന സിനിമയായിരുന്നു അത്. സുനില്‍ പരമേശ്വരനായിരുന്നു അനന്തഭദ്രം സിനിമയുടെ കഥ തന്നോട് ആദ്യം പറഞ്ഞത്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ താന്‍ അന്തം വിട്ട് പോയി. ദിഗംബരനാകാന്‍ തന്നെ കൊണ്ട് കഴിയുമോ എന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചു. അന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മണിയന്‍ പിള്ള രാജു ചേട്ടനാണ് തന്നെ കൊണ്ട് സാധിക്കും എന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നതെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.