'ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരില്ല, കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു'; വിവാദങ്ങളോട് പ്രതികരിച്ച് തിങ്കള്‍ ഭാല്‍

ബിഗ് ബോസ് സീസണ്‍ 3 ഫൈനല്‍ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പിതാവിന്റെ മരണശേഷം ഡിംപല്‍ ഭാല്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ മറ്റൊരു വിവാദമാണ് പ്രചരിക്കുന്നത്. ഡിംപലിനെതിരെ കിടിലം ഫിറോസ് ഉന്നയിച്ച ചില ആരോപണങ്ങളില്‍ ഡിംപലിന്റെ പിതാവിന്റെ മനം നൊന്തെന്ന തരത്തില്‍ അമ്മ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഇതേ തുടര്‍ന്ന് കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡിംപലിന്റെ സഹോദരിയും നടിയുമായ തിങ്കള്‍ ഭാല്‍. അമ്മ പറഞ്ഞത് വളച്ചൊടിച്ചതാണ്. ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരാത്ത ഒരു കാര്യമാണ് ഇന്ന് പ്രചരിക്കുന്നത് എന്നും തിങ്കള്‍ പറഞ്ഞു.

തിങ്കള്‍ ഭാലിന്റെ വാക്കുകള്‍:

ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരാത്ത ഒരു കാര്യമാണ് ഇന്ന് പ്രചരിക്കുന്നത്. ശരിയാണ്, ആ സംഭവം കണ്ടപ്പോള്‍ പപ്പയ്ക്ക് വിഷമമുണ്ടായി. പക്ഷേ, അതില്‍ ഒരാളെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചില്ല. എങ്കില്‍ അതൊക്കെ അന്നേ ആകാമായിരുന്നു. എന്നാല്‍ മമ്മി പറഞ്ഞതിനെ മറ്റൊരു രീതിയില്‍ ചോദിച്ചു ചോദിച്ചു ഫിറോസ് ഇങ്ങനെ പറഞ്ഞതു കൊണ്ടാണ് പപ്പ പോയത് എന്ന രീതിയിലാണ് അഭിമുഖത്തില്‍ കാണുന്നത്.

അതിനോട് ഞാന്‍ ഒരിക്കലും യോജിക്കില്ല. ഞാന്‍ കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. ഞങ്ങള്‍ കാരണം നിങ്ങള്‍ക്കൊരു വിഷമം ഉണ്ടാകാന്‍ പാടില്ല. ഞങ്ങളെല്ലാം ഫിറോസ് പറഞ്ഞത് ക്ഷമിച്ചതാണ്. ഇപ്പോള്‍ അത് മോശമായ രീതിയില്‍ വീണ്ടും വന്നിരിക്കുന്നു.

ഞങ്ങളാരും കിടിലം ഫിറോസിനെ കുറ്റപ്പെടുത്തില്ല. കിടിലം പറഞ്ഞത് അവിടെ തീര്‍ന്നു. അതൊരു ടാസ്‌ക് ആയിരുന്നു. എന്റെ പപ്പ പോകേണ്ട സമയമായി, പോയി. അതില്‍ നമ്മള്‍ ഒരാളെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.