പ്രതിഫലം 50 കോടി രൂപയ്ക്ക് മുകളില്‍, ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തില്‍ പാടാന്‍ റിഹാന!

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും വ്യവസായി വീരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ എത്തുന്നത്.

വിവാഹാഘോഷത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നത് പോപ് ഗായിക റിഹാന ആണെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അതിഥികള്‍ക്ക് മുമ്പിലാകും റിഹാനയുടെ കണ്‍സേര്‍ട്ട്. റിഹാനയെ കൊണ്ടുവരാന്‍ 5 മില്യണ്‍ ഡോളറാണ് (50 കോടി ഇന്ത്യന്‍ രൂപ) ചിലവിട്ടത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിഹാനയ്ക്ക് പുറമേ, ദില്‍ജിത് ദൊസാഝും സംഗീതം അവതരിപ്പിക്കാന്‍ എത്തും. വിഖ്യാത ഇല്ല്യൂഷണിസ്റ്റ് ഡേവിഡ് ബ്ലെയിനിന്റെ പരിപാടിയുമുണ്ടാകും. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, അര്‍ജുന്‍ കപൂര്‍, സംവിധായകന്‍ അറ്റ്ലി എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും.

ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജസിം അല്‍ഥാനി, കന്നഡ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍, ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി കെവിന്‍ റുഡ്, സ്വീഡിഷ് മുന്‍ പ്രധാനമന്ത്രി കാല്‍ ബില്‍റ്റ്, യുഎസ് മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, ബൊളീവിയന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ക്വിറോഗരെ എന്നിവരും പരിപാടിയില്‍ എത്തും.

Read more

ഇവരെ കൂടാതെ മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, സൗദി ആരാംകോ ചെയര്‍പേഴ്സണ്‍ യാസിര്‍ അല്‍ റുമയ്യാന്‍, വാള്‍ട് ഡിസ്നി സിഇഒ ബോബ് ഇഗര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അദാനി ചെയര്‍മാന്‍ ഗൗതം അദാനി എന്നിവരും വിവാഹത്തില്‍ പങ്കെടുക്കും.