വ്യാജപ്രചരണങ്ങള്‍ നടത്തരുത്, അഭ്യര്‍ത്ഥിക്കുകയാണ്; ബോംബെ ജയശ്രീയുടെ ആരോഗ്യനിലയെക്കുറിച്ച് സുഹൃത്തുക്കള്‍

ബ്രിട്ടനില്‍ സംഗീതപരിപാടിക്കെത്തിയ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീയെ മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലയോട്ടിയിലെ രക്തക്കുഴലുകളിലെ വീക്കം നീക്കാനായി ജയശ്രീയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ജയശ്രീയുടെ അവസ്ഥ വളരെ ഗുരുതരമാണെന്നും എന്തും സംഭവിക്കാവുന്ന സാഹചര്യമാണെന്നും മറ്റും സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണങ്ങളുണ്ടായിരുന്നു.

ഇപ്പോഴിതാ ഗായികയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. അന്യൂറിസം എന്ന രോഗാവസ്ഥ സ്ഥിരീകരിച്ച ഗായികയെ താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ച് ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും തെറ്റായ പ്രചാരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും കുടുംബസുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചു.

ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ യോക്കോ ലെനന്‍ സെന്ററില്‍ നടക്കുന്ന സംഗീതപരിപാടിക്കാണ് ജയശ്രീ ബ്രിട്ടനിലെത്തിയത്. ഹോട്ടല്‍മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജയശ്രീയെ പെട്ടെന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി പുരസ്‌കാരത്തിന് ബോംബെ ജയശ്രീ അര്‍ഹയായത്.