'ഉയരെ '- നടനചാതുരിയുടെ ഉയരങ്ങളിലേക്കു കുതിക്കുന്ന പാര്‍വതിയുടെ സിനിമ- റിവ്യു

ഉയരത്തിലേക്കെത്തുമ്പോള്‍ എന്തും ഒരു ഉന്‍മാദാവസ്ഥയിലേക്ക് എത്തിച്ചേരാം. ശേഷമെന്ത് എന്നത് മറ്റു പലതിനെയും ആശ്രയിച്ചിരിക്കും. വ്യക്തിപരമായ നിലപാടുകള്‍ അവിടെ ഏറെ നിര്‍ണ്ണായകമാവും. അത്തരം പ്രവചനാതീതവും സ്ഫോടനാത്മകവുമായ ഒരവസ്ഥയിലേക്കെത്തിയ രണ്ടു പേര്‍. ഒരു കാമുകനും കാമുകിയും. പ്രണയത്തിന്റെ നീലാകാശത്ത് അവളോടൊപ്പം പാറി നടക്കാനാശിച്ച കാമുകന്‍. അതിനും ഉയരെ -എന്നാല്‍, അവനോടൊപ്പം തന്നെ പാറി നടക്കാന്‍ മോഹിച്ച കാമിനി. ആ ഉയരം പക്ഷേ അവനു താങ്ങാനാവുന്നതായിരുന്നില്ല. അങ്ങനെ അവരുടെ പ്രണയം അതിന്റെ അനുഭൂതിയുടെഉച്ചാവസ്ഥയിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്. അവിടെ നിലപാടുകള്‍ നിര്‍ണ്ണായകമായി. “ഉയരെ ” എന്ന മലയാളത്തിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ കഥ കടുതല്‍ സങ്കീര്‍ണതകളിലേക്കുയരുന്നത് ഇവിടം മുതലാണ്.

ഭദ്രമായ കഥ. ശക്തമായ കഥാപാത്രങ്ങള്‍, . വ്യക്തവും കാര്യമാത്ര പ്രസക്തവുമായ സീനുകള്‍. ഇഴച്ചിലില്ലാത്ത ചടുലതയുള്ള തിരക്കഥ. മനോഹരമായ ഛായാഗ്രഹണവും എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും. നവാഗത സംവിധായകനായ മനു അശോകിന് തുടക്കം മികച്ചതാക്കാനായി. ഇപ്പറഞ്ഞതിനൊക്കെ ഉയരെയാണ് പാര്‍വതിയുടെ നടന മികവ്. കഥയെ, കഥാപാത്രങ്ങളെ, സഹ അഭിനേതാക്കളെ, സാങ്കേതിക മികവുകളെ, എന്തിന് സിനിമയെത്തന്നെ ഏറെ പിന്നിലാക്കി ഉയരങ്ങളിലേക്ക് പറന്നുയരുകയാണ് പാര്‍വതിയുടെ പല്ലവി.

ചിരിയും കണ്ണീരും വേദനയും ആത്മവിശ്വാസവും വിശ്വാസത്തകര്‍ചയും ജീവിതത്തോടുള്ള പകയും നിശ്ചയദാര്‍ഢ്യവുമൊക്കെ ആ മുഖത്ത് -അതും ഏറെ സമയവും മുഖത്തിന്റെ പാതി ഭാഗം കൊണ്ടു മാത്രം അഭിനയിക്കേണ്ടി വരുമ്പോഴും – മിന്നിമറയുന്നത് കണ്ടിരിക്കുക അവിസ്മരണീയമായ അനുഭവം തന്നെ.

ടൊവിനോ ഒരിക്കല്‍ കൂടി സ്‌കോര്‍ ചെയ്തിരിക്കുന്നു. തീവ്ര പ്രണയിയായ കാമുകനില്‍ നിന്നും ഓപ്പര്‍ച്യൂണിസ്റ്റായ ഒരുവനിലേക്ക് ആസിഫിന്റെ കഥാപാത്രത്തെ രചയിതാക്കള്‍ തരംതാഴ്ത്തിയതിന്റെ ഒരു പൊരുത്തക്കേട് പ്രകടമാണെങ്കിലും ആസിഫ് അതും ഭേദപ്പെട്ടതാക്കി എന്നു പറയാം. മിതത്വം എന്നത് അഭിനയത്തിന്റെ കാതലാണെങ്കില്‍ അതറിയുന്ന ഒരു നടനാണ് സിദ്ദിഖ് . അനാര്‍ക്കലി മറീറ്ററും ( പാര്‍വതിയുടെ കൂട്ടുകാരി ) പ്രേം പ്രകാശും (ആസിഫിന്റെ പിതാവ്) മനസ്സില്‍ നില്‍ക്കും.

ബോബി – സഞ്ജയ് ടീമിന്റെ തിരക്കഥ അവരുടെ മുന്‍കാല ചിത്രങ്ങളേക്കാള്‍ ഏറെ ഉയരം നേടിയിരിക്കുന്നു. കയ്യടക്കമുള്ള എഴുത്ത്. ഒട്ടും സ്ഥൂലതയില്ല. ഇഴയുമെന്നു് തോന്നുന്ന സെക്കന്റില്‍ അടുത്ത പരിണതിയിലേക്ക് സിനിമ കടക്കുന്നു. എങ്കിലും വിമാനം ആകാശത്തു വച്ച് ക്യാപ്റ്റനില്ലാത്ത അവസ്ഥയിലായി യാത്രക്കാരും ഹോസ്റ്റസുമാരുമൊക്കെ പരിഭ്രാന്തിയിയിലുമായ അവസ്ഥയില്‍ നിന്നു സിനിമ തുടങ്ങുകയും ശേഷം ഫ്‌ലാഷ് ബാക്കിലേക്കും ഇടയ്ക്ക് പ്രസന്റിലേക്കും ഇടവിട്ടു വരുന്ന രീതിയിലുമായിരുന്നു അവതരണമെങ്കില്‍ ” ഉയരെ ” കൂടുതല്‍ ഉദ്വേഗജനകമായേനെ എന്നു തോന്നി. അവസാന ഭാഗത്ത് സിദ്ദിഖിന്റെ പ്രതികാരവും ആസിഫിനു സംഭവിക്കാന്‍ പോകുന്നതിന്റെ നേര്‍ അവതരണവും ബാലിശമായിപ്പോയി.

പക്ഷേ ഈ ആക്ഷേപങ്ങളെയൊക്കെ ബോബി – സഞ്ജയ് മറികടന്നിരിക്കുന്നു അവരുടെ അതിശക്തവും നാടകീയത ഒട്ടുമില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ. പല്ലവി എന്ന പര്‍വതിയുടെ കഥാപാത്രത്തെ ഏറെ ശക്തമാക്കുന്നതാണു് ചില നിര്‍ണായക നിമിഷങ്ങളില്‍ അവള്‍ പറയുന്ന ഡയലോഗുകള്‍.മൂന്നു യുവതികള്‍ നിര്‍മിച്ച സിനിമ എന്ന നിലയില്‍ കൂടി എല്ലാ അര്‍ഥത്തിലും “ഉയരെ ” സ്ത്രീത്വത്തിന്റെ ശാക്തിക സാധ്യതകളുടെ ഉയരം അളവുകോലുകള്‍ക്കപ്പുറത്താണെന്നു് സ്ഥാപിച്ചിരിക്കുന്നു. ഏത് പ്രതിസന്ധിയിലും ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാവണം ഈ സിനിമ എന്നതായിരിക്കുമോ “ഉയരെ ” യുടെ സൃഷ്ടാക്കള്‍ ലക്ഷ്യമിട്ടത്?

– എങ്കില്‍ ആ ലക്ഷ്യം അവര്‍ ഉദ്ദേശിച്ചതിലും “ഉയരെ ” എത്തിയിരിക്കുന്നു.