ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിക്കൊണ്ടാണ് തിരുത്ത് വരുത്തിയത്. പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാൽ മാറ്റം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.

15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരെ നേരത്തെ റീനയടക്കം വലിയ വിമർശനം ഉയർത്തിയിരുന്നു. ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചുവെന്നാണ് ഡോ. റീന പറഞ്ഞത്. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന വ്യക്തമാക്കിയിരുന്നു. ഇത്രയും കാലം സർവീസ് കഴിഞ്ഞ് പോകുന്നയാൾക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നടക്കം ഡോ. റീന ആവശ്യപ്പെട്ടിരുന്നു.

Read more

അതേസമയം ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന ഡോ. റീനക്കെതിരായ നടപടി തുരപ്പൻ പണി കാണിച്ചതുകൊണ്ടാണെന്നാണ് ഇന്നലെ ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡി എച്ച് എസ് തന്നെ അത് മുൻകൂട്ടി അറിയിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. താൻ അന്ന് വൈകിട്ട് 5.30 ന് വാർത്താസമ്മേളനം നടത്തുമ്പോൾ എനിക്ക് ഫലം ലഭിച്ചിരുന്നില്ല. ഫലം ലഭ്യമാകാതെ മന്ത്രിക്ക് എങ്ങനെ സംസാരിക്കാൻ കഴിയും? എന്നാൽ തന്നോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡി എച്ച് എിന് ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ റിസൾട്ട് വന്ന കാര്യം അറിയാമായിരുന്നുവെന്നും, പിന്നീട് ആറ് മണിയോടെയാണ് അവർ വിവരം പറയുന്നതെന്നും മന്ത്രി വെളിപ്പെടുത്തിയിരുന്നു.