പെര്‍ഫക്റ്റ് ത്രില്ലര്‍ സ്റ്റോറിയുമായി ലാല്‍ബാഗ്

പൈസാ പൈസാക്കു ശേഷം പ്രശാന്ത് മുരളി പത്മനാഭന്‍ സംവിധാനം ചെയ്ത ലാല്‍ബാഗ് തീയറ്ററുകളിലെത്തി. മൂന്നു തലമുറകളായി മലയാളിയുടെ സ്വപ്നനഗരങ്ങളിലൊന്നായ ബാംഗ്ലൂരില്‍ പൂര്‍ണ്ണമായും ചിത്രീകരിക്കപ്പെട്ടതാണ് ലാല്‍ബാഗ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതംതേടി നഗരങ്ങളില്‍ കൂടുകെട്ടിയവര്‍ ആ മഹാസാഗരത്തില്‍ ആറാടുകയും പോരാടുകയും മോഹങ്ങള്‍ക്കുപിന്നാലെ നിരന്തരം പായുകയും ചെയ്യുമ്പോള്‍ ചോര്‍ന്നുപോകുന്ന യഥാര്‍ത്ഥജീവിതത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നുണ്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇറങ്ങുന്ന ഈ സൈക്കളോജിക്കല്‍ ക്രൈം ത്രില്ലര്‍.

അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുക്കുന്ന ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കുശേഷം സ്‌നേഹസമ്പന്നയായ ഭാര്യയെയും ഓമനയായ മകളെയും അനാഥരാക്കിക്കൊണ്ട് ആതിഥേയനായ ടോം (സിജോയ് വര്‍ഗ്ഗീസ്) ചേതനയറ്റ അവസ്ഥയില്‍ കാണപ്പെടുന്നു. ആദ്യം ആത്മഹത്യ എന്ന് കരുതുന്നു എങ്കിലും അതിനുള്ള യാതൊരു സാദ്ധ്യതയും തെളിയാത്തതിനാല്‍ അന്വേഷണച്ചുമതലയുള്ള ഓഫീസര്‍ ഗണേഷ് ഹെഗ്‌ഡെ (രാഹൂല്‍ദേവ് ഷെട്ടി) ക്ക് തോന്നുന്ന ഒരു സംശയമാണ് കൊലപാതകസാദ്ധ്യതയിലേക്കു നയിക്കുന്നത്. ടോമിന്റെ വിധവ സാറാ (മംത മോഹന്‍ദാസ്) യുടെ തകര്‍ന്ന മാനസികാവസ്ഥയില്‍പ്പോലും അവരില്‍നിന്നും കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ചിട്ടും പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഒരാള്‍ പോലും ആദ്യം സംശയിക്കപ്പെടുന്നവരുണ്ടായിരുന്നില്ല. എന്നാല്‍ ഹെഗ്‌ഡെ അവലംബിക്കുന്ന ശാസ്ത്രീയാന്വേഷണ രീതി മൂന്നിലധികംപേരെ സംശയിക്കാം എന്ന നിലയിലേക്കെത്തുന്നു.

സാധാരണരീതിയില്‍ മനുഷ്യരക്തത്തില്‍ കലര്‍ന്നാല്‍ അപായം സംഭവിക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു രാസവസ്തു ടോം എന്ന ബുദ്ധിമാനായ ബിസ്സിനസ്സ് എക്‌സിക്യൂട്ടീവിന്റെ മരണത്തിന് കാരണമായെങ്കില്‍ അതില്‍ സാമാന്യത്തിനപ്പുറത്തുള്ള പഠനവും ആസൂത്രണമുണ്ടെന്ന് ഓഫീസര്‍ വായിച്ചെടുക്കുന്നു. പിന്നീടുള്ള അന്വേഷണങ്ങളില്‍ മാറിയും മറിഞ്ഞും വരുന്ന നിഗമനങ്ങളും തിരുത്തലുകളും കാണികളെ ആകാംക്ഷയുടെ ഉത്തുംഗത്തിലെത്തിക്കുന്നതാണ്. ഒന്നുകില്‍ കുടുംബസുഹൃത്തുക്കളായ ദമ്പതികളില്‍ ഒരാള്‍. അല്ലെങ്കില്‍ ബിസിനസ്സ് പാര്‍ട്ട്ണര്‍. തൊഴില്‍ദാതാവ്. ഒരിക്കല്‍ അഭിമാനക്ഷതമേറ്റ അന്തര്‍മുഖന്‍ അങ്ങനെ പലരിലേക്കും ഹെഗ്‌ഡെയുടെ ബാറ്റണ്‍ തിരിയുന്നു. പ്രതി ശാസ്ത്രീയമായ രീതിയില്‍ കുരുക്കിലാകുമ്പോഴും നിയമത്തെ നോക്കി ഗൂഢസ്മിതം കൊള്ളുന്ന ഇരുളില്‍ മറഞ്ഞിരിക്കുന്ന കുറ്റവാളിയെ പ്രേക്ഷകര്‍ നേരില്‍ കണ്ടറിയേണ്ടതാണ്.

അന്യഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ സ്‌ക്രീനിലെത്തുന്ന ചില വേളകളില്‍ സബ്‌ടൈറ്റിലിന്റെ സഹായം തേടുന്ന ഫ്രെയിമുകള്‍ ആ സാദ്ധ്യത മുതലാക്കാന്‍ ഇനിയും ഫിലിം മെയ്‌ക്കേഴ്‌സിന് ധൈര്യം നല്‍കും. മൊഴിമാറ്റത്തേക്കാള്‍ സ്വാഭാവികത തോന്നിക്കുന്നതാണ് അത്തരം ദൃശ്യങ്ങള്‍. മംതയുടെയും രാഹൂല്‍ദേവ് ഷെട്ടിയുടെയും പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് ആയി പറയാവുന്നത്.

രാഹൂല്‍ മാധവ് , നേഹ സക്‌സേന, നന്ദിനി റായ്, തുടങ്ങി നിരവധി താരങ്ങള്‍കൂടി അണിനിരക്കുന്നുണ്ട് ലാല്‍ബാഗില്‍. ഫ്‌ളാഷ് ബാക്ക് ഷോട്ടുകള്‍ നിരവധിയുണ്ടായിട്ടും ത്രില്ലറിന്റ മൂഡ് ആരോഹണക്രമം വിടാതെ നിര്‍ത്തുന്നത് സംവിധായകന്റെ മികവാണ്. കുറ്റാന്വേഷണസിനിമയുടെ ചേരുവകള്‍ സംഗീതസംവിധായകന്റെ കൈയില്‍ ഭദ്രവും. ആന്റണി ജോയുടെ ദൃശ്യങ്ങളില്‍ ഛായാഗ്രണപാടവം അനുഭവിക്കാം. അജീഷ് ദാസന്‍ എഴുതിയ രാഹൂല്‍രാജ് സംഗീതം നല്‍കി നിഖില്‍ മാത്യു പാടിയ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ആയിക്കഴിഞ്ഞു. ഒരുനിമിഷം പോലും ബോറടിക്കാതെ ആസ്വദിക്കാന്‍ കഴിയുന്ന സൃഷ്ടിയാണ് ലാല്‍ബാഗ്. സെലിബ്‌സ് ആന്റ് റെഡ് കാര്‍പ്പറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് ചിത്രം നിര്‍മ്മിച്ചത്.