ഹൃദയത്തിൽ തൊടാതെ പോകുന്ന 'ഹൃദയം'

ചെന്നൈയില്‍ എഞ്ചിനീറിയറിംഗിനു പഠിക്കാന്‍ പോകുന്ന അരുൺ നീലകണ്ഠന് ഏതൊരു വിദ്യാര്‍ത്ഥിയെയും പോലെ റാഗിംഗ്, പ്രണയം, പ്രണയപരാജയം, തൊഴിലന്വേഷണം തുടങ്ങിയ പലഘട്ടങ്ങളും നേരിടേണ്ടിവരുന്നു. കാലം കടന്നുപോയി അയാള്‍ ഒരച്ഛനാകുന്നതുവരെയുള്ള കഥയാണ് ഹൃദയം. കാല്പനികതയും പ്രതീക്ഷകളും സ്വത്വബോധവും ഏതൊരു കഥയിലുമെന്ന പോലെ ഇവിടെയും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

വിനീത് ശ്രീനിവാസനില്‍നിന്നും പ്രതീക്ഷിച്ചതൊന്നും ലഭിക്കാതെ പോകുന്ന ഒരു ഒഴുക്കന്‍ സിനിമയായിപ്പോയി ഹൃദയം എന്നു പറഞ്ഞാല്‍ തെറ്റില്ല. തരക്കേടില്ലാത്ത പ്ലോട്ടും സാങ്കേതികത്വവും എല്ലാം ഉപയോഗിച്ചിട്ടും പടം കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു ബയോഡോക്യുമെന്ററി കണ്ട ഫീല്‍ മാത്രമേ കാണികളിലുണ്ടാകുള്ളൂ എന്നത് തിരക്കഥയിലെ പോരായ്മയെയാണ് എടുത്തു കാണിക്കുന്നത്.

പടം തുടങ്ങി പത്തുമിനിറ്റോളം കഥ നമ്മളെ ത്രസിപ്പിച്ചു തുടങ്ങുന്നുണ്ട്. പിന്നീട് പതിയെപ്പതിയെ ഗ്രാഫ് താഴ്ന്ന് ജീവനില്ലാതായി ഒരു ലീനിയര്‍ വിശദീകരണം മാത്രമായി മാറുന്നു. ഇടവേളയെത്തുമ്പോൾ ചിത്രം തീരുന്നില്ല എന്നു നമുക്ക് മനസ്സിലാകുന്നത് വാച്ചില്‍ നോക്കുമ്പോള്‍ മാത്രമാണ്. ഇടവേളക്കുമുമ്പ് വലിഞ്ഞിഴയുന്ന കഥ അതിനുശേഷം ആ കുറവിനെ പരിഹരിക്കുന്നതായി പലപ്പോഴും കാണാറുണ്ട്. എന്നാലിവിടെ ഇഴച്ചിലിന്റെ പെരുന്നാളുതന്നെ കാണാം പകുതിക്കുശേഷവും. ഒരു കഥ പറഞ്ഞുപോകാന്‍ വലിയൊരു ക്രാഫ്റ്റിന്റെ ആവശ്യമില്ല. എന്നാല്‍ കഥാപാത്രങ്ങളും സംഭവവികാസങ്ങളും അളന്നെടുക്കുമ്പോള്‍ കാല്പനികമായ പല സങ്കേതങ്ങളും ഉപയോഗിക്കുമ്പോള്‍ മാത്രമാണ് സൃഷ്ടി മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഹൃദയം ഹൃദയത്തില്‍ കൊള്ളുന്നില്ല എന്ന് പറയേണ്ടിവരുന്നു.

മിതമായ അഭിനയശൈലികൊണ്ട് പ്രണവ് മോഹന്‍ലാല്‍ ശ്രദ്ധനേടുന്നുണ്ട്. ആ നടന് വലിയ വെല്ലുവിളിയൊന്നും സമ്മാനിക്കാത്ത ഒരു ഒതുക്കമുളള കഥാപാത്രമാണ് അരുൺ. പിന്നെ എടുത്തുപറയാന്‍ കഴിയുന്നത് ദര്‍ശനയായി വരുന്ന ദര്‍ശനാ രാജേന്ദ്രന്റെ മനസ്സംഘര്‍ഷങ്ങളാണ്. ചില മൂഹൂര്‍ത്തങ്ങള്‍ മാത്രം മുറിച്ചെടുത്താല്‍ സെന്റിമെന്റ്‌സിനോ ഹാസ്യത്തിനോ നല്ല ഉദാഹരണങ്ങളാണ്. കൂട്ടുകാരനായ ആന്റോ, ഫോട്ടോഗ്രാഫറായ അജു വര്‍ഗ്ഗീസ്, അരുണിന്റെ അച്ഛനായി വരുന്ന വിജയരാഘവന്‍, നിത്യയുടെ കുടുംബം ഇവരെല്ലാം ഉള്‍പ്പെടുന്ന

രസകരങ്ങളായ മുഹൂര്‍ത്തങ്ങളുണ്ട്. ചെന്നൈയിലെ ചില കുടുംബങ്ങളുടെ പശ്ചാത്തലവും ദുരന്തവുമെല്ലാം നല്ലവണ്ണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവയൊന്നുംതന്നെ ചിത്രത്തിന്റെ മൊത്തത്തിലുള്ള ഗതിയെ നിയന്ത്രിക്കുന്നതില്‍ പങ്കുവഹിക്കുന്നില്ല. അവ എപ്പോഴോ വഴിയില്‍ വീണുപോകുകയും പിന്നീട് പ്രാധാന്യമില്ലാതായി മാറുകയും ചെയ്യുന്നു. കാണികള്‍ ട്വിസ്റ്റുകള്‍ പലപ്പോഴും പ്രതീക്ഷിക്കുന്നിടത്ത് പ്രത്യേകിച്ചൊന്നും സംഭവിക്കാതെ രംഗങ്ങള്‍ നീണ്ടുപോകുന്നു. ആ കൂട്ടത്തില്‍ സമയംകൊല്ലിയായി വരുന്ന ഗാനരംഗങ്ങള്‍ കൂടി ചേരുന്നത് ആവേശത്തിനുപകരം നിരാശ സമ്മാനിക്കുന്നു.

കാസ്റ്റിംഗില്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ അധികമൊന്നുമില്ല. എങ്കിലും ചില കഥാപാത്രങ്ങളെ അസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതുപോലെ തോന്നുന്നു. മറ്റൊരു കഥയ്ക്ക് വിത്തുപാകിയേക്കാവുന്ന ചില പാത്രപരിചയങ്ങള്‍ ഇവിടെ ഹൃദയത്തില്‍ സ്ഥാനംപിടിക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.

Read more

വെസ്റ്റേൺ -ഓറിയെന്റല്‍ സങ്കേതങ്ങൾ മിശ്രിതമാക്കിയുള്ള ഹിഷാം അബ്ദുല്‍വഹാബിന്റെ പശ്ചാത്തലസംഗീതപരീക്ഷണം അഭിനന്ദനമര്‍ഹിക്കുന്നു. വിശ്വജിത്തിന്റെ ഛായാഗ്രഹണം രഞ്ജന്‍ അബ്രഹാമിന്റെ എഡിറ്റിംഗ് ഇവയും നിലവാരം പുലര്‍ത്തുന്നുണ്ട്.