സർപ്രൈസ് ഒരുക്കി മോഹൻലാൽ ; മലൈക്കോട്ടൈ വാലിബന്‍ അപ്ഡേറ്റ് നാളെ

മലയാളത്തിലെ സിനിമാപ്രേമികൾ മുഴുവനും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മോഹൻ ലാൽ നായകനായെത്തുന്ന മലൈക്കോട്ടെ വാലിബൻ. ചിത്രം പ്രഖ്യാപിച്ച അന്നുമുതൽ ഓരോ അപ്ഡേറ്റുകളും കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ആരാധകർക്ക് വൻ സർപ്രൈസ് ഒരുക്കുകയാണ് മോഹൻലാൽ. സ്വന്തം വാട്സ്ആപ് ചാനലിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നമ്മള്‍ എന്തെങ്കിലും സംസാരിച്ചിട്ട് കുറേ ആവുന്നു. നാളെ വൈകിട്ട് 5 ന് അത് ആയാലോ?”, എന്നായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാള്‍ നാളെയാണ്. ആയതിനാല്‍ത്തന്നെ ചിത്രവുമായി ബന്ധപ്പെട്ട് പ്രധാന അപ്ഡേറ്റാകുമെന്നാണ് പ്രതീക്ഷ. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന വാലിബന്‍റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. ജൂണ്‍ പകുതിയോടെയായിരുന്നു 130 ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.