ഓസ്‌കറില്‍ ചരിത്രം സൃഷ്ടിച്ച് 'ഗോഡ്‌സില്ല', 125 കോടി ചിത്രം മത്സരിച്ചത് വമ്പന്‍ സിനിമകളോട്; മൊത്തം 610 വിഎഫ്എക്‌സ് ഷോട്ടുകള്‍!

ഹോളിവുഡ് സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാകും ഗോഡ്‌സില്ല. ഇന്ന് ഓസ്‌കറില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ‘ഗോഡ്‌സില്ല മൈനസ് വണ്‍’. മികച്ച വിഷ്വല്‍ ഇഫക്ട്‌സിനാണ് ഗോഡ്‌സില്ല മൈനസ് വണ്‍ പുരസ്‌കാരം നേടിയിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ 38 ഗോഡ്‌സില്ല ചിത്രങ്ങളില്‍ വച്ച് ആദ്യമായി അക്കാദമി അവാര്‍ഡ് നേടുന്ന സിനിമയാണിത്.

ജാപ്പനീസ് ഭാഷയില്‍ വിഷ്വല്‍ ഇഫക്ട്‌സ് വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ആദ്യ സിനിമ കൂടിയാണിത്. 33 ഗോഡ്‌സില്ല ചിത്രങ്ങള്‍ ജാപ്പനീസില്‍ ഒരുക്കിയിട്ടുണ്ട്. ബാക്കി അഞ്ച് ഗോഡ്‌സില്ല സിനിമകള്‍ ഒരുക്കിയത് ഹോളിവുഡ് ആണ്. 1954ല്‍ ആണ് ജാപ്പനീസ് ഭാഷയില്‍ ആദ്യ ഗോഡ്‌സില്ല ചിത്രം പുറത്തിറങ്ങുന്നത്.

തകാഷി യമസാകിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഗോഡ്സില്ല മൈനസ് വണ്‍ ആദ്യ ഗോഡ്സില്ലയുടെ പുനര്‍രൂപകല്‍പനയാണ്. സംവിധായകനും 35 വിഎഫ്എക്‌സ് ആര്‍ടിസ്റ്റുകളും ചേര്‍ന്നാണ് സിനിമയ്ക്ക് വിഎഫ്എക്‌സ് ഒരുക്കിയത്. 610 വിഎഫ്എക്‌സ് ഷോട്ടുകളാണ് സിനിമയില്‍ ഉള്ളത്.

ഈ വര്‍ഷത്തെ വിഎഫ്എക്‌സിനുള്ള ഓസ്‌കര്‍ നോമിനേഷനുകളുടെ കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ ബജറ്റില്‍ വിഎഫ്എക്‌സ് ചെയ്ത ചിത്രം കൂടിയാണ് ഗോഡ്‌സില്ല മൈനസ് വണ്‍. 2000 കോടിക്ക് മുകളിലുള്ള ബജറ്റില്‍ ഒരുക്കിയ ‘ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്‌സി’, ‘മിഷന്‍ ഇംപോസിബിള്‍’, ‘നെപ്പോളിയന്‍’ എന്നീ വമ്പന്‍ സിനിമകളെ പിന്തള്ളിയാണ് 125 കോടിക്ക് ഒരുക്കിയ ഗോഡ്‌സില്ല പുരസ്‌കാരം നേടുന്നത്.