'എന്നെ കൊന്നു തരാമോ?' എന്ന് ബാലന്‍, ചേര്‍ത്തുനിര്‍ത്തി ലോകം; സഹായവുമായി താരങ്ങള്‍

“എന്നെ കൊന്നു തരാമോ?” ഭിന്നശേഷിക്കാരനായ ഒന്‍പതു വയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ വാക്കുകള്‍ ലോകത്തിന്റെ കാതില്‍ ഇരമ്പുകയാണ്. കൂരമ്പു പോലെയാണ് അത് ജനഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത്. ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ ലോകത്തിന് നോവായിരിക്കുകയാണ്. നിരവധി പേരാണ് ക്വാഡന് സഹായവുമായി രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.

ഹോളിവുഡ് നടന്‍ ഹ്യൂ ജാക്ക്മാന്‍ അടക്കമുള്ളവര്‍ ക്വാഡനു പിന്തുണയുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. നീ വിചാരിക്കുന്നതിനേക്കാള്‍ നീ ശക്തനാണെന്നാണ് ഹ്യൂ പറഞ്ഞത്. അമേരിക്കന്‍ കൊമേഡിയനായ ബ്രാഡ് വില്ല്യംസ് ക്വാഡനു വേണ്ടി 250,000 യുഎസ് ഡോളര്‍ സമാഹരിച്ചു. ഈ പണം കൊണ്ട് ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്‌നി ലാന്‍ഡിലേക്ക് അയക്കുമെന്ന് ബ്രാഡ് വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങളും ക്വാഡനൊപ്പമെന്ന് വെളിപ്പെടുത്തി. എന്‍ആര്‍എല്‍ ഓള്‍ സ്റ്റാര്‍സ് മാച്ചില്‍ ടീമിനെ ഫീല്‍ഡിലേക്ക് നയിക്കുന്നതിനായി ക്വാഡനെ അവര്‍ ക്ഷണിക്കുകയും ചെയ്തു.

മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് കാണുന്നത്. ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. അമ്മയെ കണ്ടതും അവന്‍ കരഞ്ഞു കൊണ്ട് ഓടി കാറില്‍ കയറി. പിന്നീട് അമ്മയോട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരയുന്നതാണ് വൈറലായ വീഡിയോ.