'ഇത് സമ്മര്‍ കട്ടല്ലെന്ന് എനിക്ക് അറിയാം'; യഷിനെ കണ്ണുരുട്ടി 'വിറപ്പിച്ച്' മകള്‍

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടനാണ് യഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ രണ്ടിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലോകം. അതിനിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നതിലും യഷ് തത്പരനാണ്. ഇപ്പോഴിതാ മകള്‍ ആര്യയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള യഷിന്റ പോസ്റ്റ് ശ്രദ്ധ നേടിയിരിക്കുകയാണ്.

മകളുടെ തല മൊട്ട അടിച്ചിരിക്കുകയാണ് താരം. ശേഷം ഇരുവരും തമ്മില്‍ നടക്കുന്നൊരു സംഭാഷണം പോലെയാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഡാഡി ഇത് വേനല്‍ക്കാലമാണെന്ന് എനിക്ക് അറിയാം. പക്ഷെ ഇത് അതിന് വേണ്ടിയുള്ള ഹെയര്‍ കട്ട് അല്ലെന്ന് എനിക്ക് അറിയാമെന്ന് യഷിനോട് മകള്‍ പറയുന്നു. അത് സത്യമാണെന്ന് ഡാഡിയും സമ്മതിച്ചിരിക്കുകയാണ്.

രസകരമായ കമന്റുകളാണ് പോസ്റ്റിന് വന്നു കൊണ്ടിരിക്കുന്നത്. എന്തിനാണ് മകളുടെ തല മൊട്ടയടിച്ചതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. മൊട്ട അടിച്ചത് അവള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മകളുടെ കലിപ്പ് നോട്ടം കണ്ടില്ലേ തുടങ്ങി രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.