വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽകർ സൽമാൻ നിർമിക്കുന്ന 7മത്തെ ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ 200കോടി നേട്ടം സ്വന്തമാക്കി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഒപ്പവും അതിനുശേഷം ഇറങ്ങിയ ചിത്രങ്ങളെക്കാൾ പ്രേക്ഷകർക്കിടയി കൂടുതൽ സ്വീകാര്യത ലോകക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ നാലാമത്തെ 200 കോടി ചിത്രമെന്ന നേട്ടമാണ് കല്യാണി പ്രിയദർശന്റെ ലോക സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല നൂറ് കോടി ക്ലബിൽ ഇടം നേടുന്ന പന്ത്രണ്ടാമത്തെ മലയാളം സിനിമകൂടിയാണ് ലോക. മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൻ്റെ ഹൃദയപൂർവ്വം, ഫഹദ് ഫാസിൽ-കല്യാണി പ്രിയദർശൻ ടീമിൻ്റെ ഓടും കുതിര ചാടും കുതിര എന്ന സിനിമകൾക്കൊപ്പമാണ് ഓണത്തിന് ലോക തിയേറ്ററുകളിലെത്തിയത്.
റിലീസ് ചെയ്‌ത് 13 ദിവസം കൊണ്ടാണ് 200 കൊടിയെന്ന നേട്ടം ലോക സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്‌ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടി മുന്നേറുകയാണ്. അതിവേഗം 200 കോടിയിലെത്തുന്ന രണ്ടാമത്തെ മലയാള സിനിമയായി ലോക മാറിയിരിക്കുകയാണ്. ലോകക്ക് മുമ്പിലുള്ളത് എമ്പുരാൻ മാത്രമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച നായകൻ മോഹൻലാലിൻ്റെ എമ്പുരാൻ, തുടരും എന്നീ സിനിമകളും ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സിനും പിന്നാലെയാണ് ലോകയുടെ ഈ നേട്ടം. ഏഴാം ദിവസം തന്നെ നൂറ് കോടി ക്ലബിൽ ഇടം നേടിയ ലോക രണ്ട് ആഴ്‌ച പോലും തികയും മുമ്പാണ് 200 കോടിയിലേക്ക് എത്തിയിരിക്കുന്നത്.
തെന്നിന്ത്യയിൽ നിന്നുള്ള, സ്ത്രീകേന്ദ്രീകൃതമായൊരു സിനിമ നേടുന്ന വിജയം എന്ന നിലയിലും ലോകയുടെ നേട്ടം ശ്രദ്ധേയമാണ്. മുപ്പത് കോടിയുടെ ബജറ്റിൽ ഒരുക്കിയ സിനിമ ലോക സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ സിനിമയാണ്. ചിത്രത്തിന്റെ ഹിന്ദി-തമിഴ്-തെലുങ്ക് പതിപ്പുകൾക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. അഞ്ച് ഭാഗങ്ങളിലായാണ് തങ്ങൾ ലോക യൂണിവേഴ്സ് ഒരുക്കുന്നതെന്ന് സംവിധായകൻ ഡൊമിനിക് അരുൺ നേരത്തെ അറിയിച്ചിരുന്നു.
Read more
പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും ലോക വമ്പൻ കുതിപ്പ് തുടരുകയാണ്. അതേസമയം തെന്നിന്ത്യയിൽ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ലോകയുടേത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ‘മൂത്തോൻ’ എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ലോകയുടെ കുതിപ്പെന്നാണ് കരുതപ്പെടുന്നത്. 265.5 കോടി നേടിയ എമ്പുരാൻ, 240.5 കോടി നേടിയ മഞ്ഞുമ്മൽ ബോയ്‌സ്, 234.5 കോടി നേടിയ തുടരും എന്നിവയാണ് കളക്ഷനിൽ ഇപ്പോൾ ലോകയ്ക്ക് മുമ്പിലുള്ളത്.







