റീമേക്കുകള്‍ ഫ്‌ളോപ്പ് ആകാന്‍ കാരണമെന്ത്?

മലയാളത്തിലെ നിരവധി സിനിമകള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ റീമേക്ക് ചെയ്യപ്പെട്ട സിനിമകള്‍ തിയേറ്ററില്‍ ഫ്‌ളോപ്പ് ആകുന്നത് അവര്‍ ‘കത്തി സീനുകള്‍’ കയറ്റിയതു കൊണ്ടാണ് തോന്നും. എന്നാല്‍ അത് മാത്രമല്ല പ്രശ്‌നം.. നായകന്‍ അല്ലാതെ മറ്റ് താരങ്ങള്‍ക്കൊന്നും മിക്ക അന്യഭാഷാ സിനിമകളിലും പ്രധാന്യം നല്‍കാറില്ല. നായകന് വേണ്ടി ജയ് വിളിക്കാനും നായകന്റെ തല്ലുകൊള്ളാനും വേണ്ടി മാത്രമുള്ളവരാക്കി സഹതാരങ്ങളെ മാറ്റും. മറ്റ് താരങ്ങളെ വെറും ഡമ്മി പീസുകള്‍ ആക്കി മാറ്റുന്നതോടെ പ്രേക്ഷകര്‍ക്ക് അത് അത്രയ്ക്ക് രസിക്കുന്നില്ല എന്ന് പറയേണ്ടി വരും.

മലയാളത്തിലെ മികച്ച സിനിമകള്‍ മറ്റ് ഭാഷകളില്‍ എത്തുമ്പോള്‍ കഥാപാത്രങ്ങളും അവരുടെ വ്യക്തിത്വവും ഒക്കെ മാറി പോകുന്നുണ്ട്. ലൂസിഫര്‍, അയ്യപ്പനും കോശിയും, മഹേഷിന്റെ പ്രതികാരം എന്നീ ഈ മൂന്ന് സിനിമകളുടെയും തെലുങ്ക് റീമേക്കുകള്‍ എത്തിയിരുന്നു. ഈ മൂന്ന് സിനിമകളും എടുത്ത് നോക്കിയാല്‍ തന്നെ റീമേക്കുകളും ഒറിജിനല്‍ സിനിമയും തമ്മിലുള്ള അന്തരം എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും.

Godfather Movie Review - Movie Reviews

ലൂസിഫറില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വവും ഡീറ്റെയ്‌ലിംഗും ഉണ്ട്. എന്നാല്‍ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറില്‍ നായകനെ ദൈവം ആയി കാണിക്കാന്‍ കുറേ പേര് എന്നതിനപ്പുറം മിക്കവര്‍ക്കും ഒന്നും ചെയ്യാനില്ല. ഗോഡ്ഫാദറിനെ ‘എ ചിരഞ്ജീവി ഷോ’ ആക്കി മാറ്റാന്‍ ശ്രമിച്ചതാണ്, സിനിമയെ പരാജയത്തിലേക്ക് നയിക്കാന്‍ കാരണമായത്. സല്‍മാന്‍ ഖാന്‍, നയന്‍താര, സത്യദേവ് തുടങ്ങിയ താരങ്ങള്‍ എല്ലാം ഉണ്ടെങ്കിലും സിനിമ, കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സിംഗ് ആയി തോന്നിയിട്ടില്ല എന്നതാണ് വാസ്തവം. ലൂസിഫറില്‍ നിന്നും മാറ്റങ്ങളുമായെത്തിയ സിനിമയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും എത്തിയിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019ല്‍ റിലീസ് ചെയ്ത ലൂസിഫര്‍ 200 കോടി കളക്ഷന്‍ നേടി മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയ സിനിമയാണ്. എന്നാല്‍ ഗോഡ്ഫാദറിന് ലൂസിഫറിന്റെ ഏഴയലത്ത് പോലും എത്താന്‍ സാധിച്ചിട്ടില്ല.

Watch Bheemla Nayak - Disney+ Hotstar

അതുപോലെ തന്നെയാണ് ‘അയ്യപ്പനും കോശിയും’ സിനിമയുടെ അപ്പ്ഗ്രേഡ് വേര്‍ഷന്‍ ആയി തെലുങ്ക് റീമേക്ക് ‘ഭീംല നായ്ക്’ എത്തിയപ്പോഴും കണ്ടത്. സച്ചിയുടെ സംവിധാനത്തില്‍ ബിജു മേനോനും പൃഥ്വിരാജും തകര്‍ത്ത് അഭിനയിച്ച സിനിമ. നഞ്ചിയമ്മ, ഗൗരി നന്ദ, അനില്‍ നെടുമങ്ങാട് തുടങ്ങി സിനിമയില്‍ പാടിവരും അഭിനയിച്ചവരും എല്ലാം ഒരു പോലെ ശ്രദ്ധ നേടിയിരുന്നു. 2020ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് 2022ല്‍ ആണ് സീക്വല്‍ എത്തുന്നത്. പവന്‍ കല്യാണും റാണ ദഗുബതിയുമാണ് ഭീംല നായക് എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയതെങ്കിലും പ്രധാന്യം കൂടുതല്‍ പവന്‍ കല്യാണിന് ആയിരുന്നു. ചിരഞ്ജീവിയെ പോലെ തന്നെ തന്റെതായ രീതിയില്‍ സിനിമ അപ്‌ഗ്രേഡ് ചെയ്യുകയും താരം ചെയ്തിരുന്നു. എങ്കിലും ഈ റീമേക്ക് തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. തിയേറ്റര്‍ കളക്ഷനും ഒ.ടി.ടി റൈറ്റ്‌സിന്റെ തുകയും കൂട്ടിയാല്‍ 252 കോടി കളക്ഷന്‍ സിനിമ നേടിയിട്ടുണ്ട്.

Uma Maheswara Ugra Roopasya Teaser - Satyadev | Venkatesh Maha | Arka Mediaworks - YouTube

എന്നാല്‍ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് റീമേക്ക് മികച്ച രീതിയില്‍ തന്നെ ഒരുക്കിയ സിനിമയാണ്. 2016ല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് 2020ല്‍ ആണ് റീമേക്ക് എത്തിയത്. ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന സിനിമ ഒറിജിനല്‍ വേര്‍ഷന്‍ പോലെ തന്നെ പ്രശംസ നേടിയ സിനിമയാണ്. ഈ അടുത്ത വര്‍ഷങ്ങളില്‍ റീമേക്ക് ചെയ്യപ്പെട്ട മൂന്ന് സിനിമകളെ കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞതെങ്കിലും റീമേക്കുകളും നമ്മുടെ മലയാളം ഒറിജിനല്‍ വേര്‍ഷന്‍ സിനിമയും തമ്മിലുള്ള ശരിക്കുമുള്ള അന്തരം മനസിലാകണമെങ്കില്‍ മണിച്ചിത്രത്താഴ് എടുത്ത് നോക്കണം.

1993ല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് നാല് റീമേക്കുകള്‍ എത്തിയിരുന്നു. തമിഴില്‍ ചന്ദ്രമുഖി, കന്നഡയില്‍ അപ്തമിത്ര, ബംഗാളിയില്‍ രാജ്‌മോഹല്‍, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ. ഞാന്‍ അടക്കമുള്ള പ്രേക്ഷകര്‍ ഇവയില്‍ ഏതെങ്കിലുമൊക്കെ സിനിമകള്‍ കണ്ടിട്ടുണ്ടാകും വിമര്‍ശിച്ചിട്ടുണ്ടാകും. ഇതൊക്കെ പറയുമ്പോള്‍ ഇവന്‍ മര്യാദരാമന്‍ പോലുള്ള അന്യഭാഷ സിനിമകള്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് നശിപ്പിച്ചതിനെ കുറിച്ചൊന്നും മറക്കുന്നുമില്ല.