കുഞ്ഞില ഒരു വിശദീകരണം അര്‍ഹിക്കുന്നു, അവഹേളനപരമായ പുറത്താക്കലല്ല; ചലച്ചിത്ര അക്കാദമിക്ക് ഡബ്‌ള്യു.സി.സിയുടെ കത്ത്

മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ ‘അസംഘടിതര്‍’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിയെ പിന്തുണച്ച് ഡബ്ല്യുസിസി. കുഞ്ഞിലയുടെ ചോദ്യങ്ങള്‍ക്ക് ചലച്ചിത്ര അക്കാദമി മറുപടി പറയണം എന്നും ഒരു വനിതാ സംവിധായികയോട് അങ്ങേയറ്റം അവജ്ഞയോടെ പെരുമാറിയത് അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്നുമാണ് കേരള ചലച്ചിത്ര അക്കാദമിക്ക് നല്‍കിയ കത്തില്‍ ഡബ്ല്യുസിസി ആരോപിക്കുന്നത്. ചലച്ചിത്ര അക്കാദമിയ്ക്കയച്ച കത്ത് കുഞ്ഞില തന്റെ ഫേസ്ബുക് പോസ്റ്റില്‍ പങ്കുവച്ചിരുന്നു.

കേരള ചലച്ചിത്ര അക്കാദമിക്ക് ഡബ്ല്യുസിസി അയച്ച കത്ത്

കോഴിക്കോട് നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവം ഞെട്ടിച്ചു. കുഞ്ഞില മാസിലാമണി ഒരു എസ്ആര്‍എഫ്ടിഐ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും കോഴിക്കോട് ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകയുമാണ്. കൂടാതെ ഐഡിഎസ്എഫ്എഫ്കെയിലെ പുരസ്‌കാര ജേതാവുമാണ്. കുഞ്ഞിലയുടെ ‘അസംഘടിതര്‍’ എന്ന ഹ്രസ്വ ചിത്രം ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജിയുടെ ഭാഗമായിരുന്നു. കേരളത്തിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വിട്ടുവീഴ്ചകളില്ലാതെ തുറന്നു പറഞ്ഞ ഒരു ഡോക്യൂ-ഫിക്ഷനാണ്.

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചില്ല എന്നും അതിന്റെ കാരണം കൃത്യമായി സംവിധായികയോട് പറഞ്ഞില്ല എന്നും ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. എല്ലാ സംഘടനകള്‍ക്കും അവരുടെ തീരുമാനങ്ങള്‍ എടുക്കാനും അതില്‍ ഉറച്ചുനില്‍ക്കാനുമുള്ള അവകാശം ഉണ്ട് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. കേരള ചലച്ചിത്ര അക്കാദമി പോലെ ഒരു പൊതു സംഘടന എങ്ങനെയാണ് തങ്ങളുടെ തീരുമാനങ്ങള്‍ സ്വീകരിച്ചതെന്ന് ജനങ്ങളോട് വിശദീകരിക്കുന്നതില്‍ വിമുഖത കാട്ടരുത്.

എന്തുതന്നെയായാലും ചലച്ചിത്ര അക്കാദമി, ഒരു വനിതാ സംവിധായികയെ അങ്ങേയറ്റം അവജ്ഞയോടെ കാണുകയും വനിതാ സംവിധായകര്‍ക്ക് വേണ്ടിയുള്ള ഒരു പരിപാടിയില്‍ നടന്ന പൊലീസിന്റെ അതിക്രമം നോക്കി നില്‍ക്കാന്‍ കഴിയുന്നതല്ല. അക്കാദമിയുടെ പിന്തുണയില്ലാതെ ഇത് സംഭവിക്കുകയുമില്ല. ഇത് നിരാശാജനകമാണ്. ഇത്തരം സംഭവങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം ചലച്ചിത്ര പ്രവര്‍ത്തകയുമായി സംസാരിക്കേണ്ടത് അക്കാദമിയുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ കരുതുന്നു.
അത്തരം തീരുമാനങ്ങളുടെ അനന്തരഫലങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കുകയും ചില തിരുത്തല്‍ നടപടികള്‍ ഉടനടി സ്വീകരിക്കുകയും കുഞ്ഞിലയെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ അവരുടെ സിനിമ എന്തുകൊണ്ട് മേളയില്‍ ഉള്‍പ്പെടുത്തിയില്ല എന്നതിന് ന്യായമായ വിശദീകരണമെങ്കിലും നല്‍കുക.

കേരളത്തിലെ സ്ത്രീ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് കുഞ്ഞിലയുടെ സിനിമ നല്‍കുന്നത്. കുഞ്ഞില ഒരു വിശദീകരണം അര്‍ഹിക്കുന്നു, അവഹേളനപരമായ പുറത്താക്കലല്ല. ഇത്തരം മേളകള്‍ വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഏതെങ്കിലും സ്ത്രീകള്‍ കാണുന്നുണ്ടെങ്കില്‍ അവര്‍ക്ക് അക്കാദമിയോടുള്ള വിശ്വാസമാണ് നഷ്ടമാകുന്നത്.
ആ കാഴ്ച്ച ഒരു വനിതാ സംവിധാന മോഹിക്ക് ആത്മവിശ്വാസം പകരുന്നതല്ല. അതിനാല്‍ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ബഹുമാനിക്കാനും തുല്യ അവസരം നല്‍കാനും അവരുമായി അര്‍ത്ഥവത്തായ സംവാദത്തില്‍ ഏര്‍പ്പെടാനും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം സൂക്ഷ്മമായ ഒരു പരിശോധനയിലൂടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ കൂടുതല്‍ സുതാര്യമായ സമീപനം ഉണ്ടാകാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. വനിതാ സംവിധായകരോടുള്ള ഈ അനാദരവിനെതിരെ ശക്തമായ പ്രതിഷേധം ഡബ്ല്യുസിസി രേഖപ്പെടുത്തുകയാണ്.

ഡബ്ല്യുസിസി അയച്ച കത്തിന് കുഞ്ഞില നന്ദി അറിയിച്ചു. ചലച്ചിത്ര മേളയിലെ വനിതാ സിനിമാപ്രവര്‍ത്തകരോടല്ല, മറിച്ച് ഒരു സിനിമ പ്രവര്‍ത്തകയോടാണ് അനാദരവ് കാണിച്ചത് എന്നും അവിടെ താന്‍ ഒറ്റയ്ക്കായിരുന്നു എന്നും കുഞ്ഞില കൂട്ടിച്ചേര്‍ത്തു. ‘മറ്റു വനിതാ സിനിമാപ്രവര്‍ത്തകരോട് അനാദരവ് കാണിച്ചിട്ടില്ല. അവര്‍ എന്നെ അപമാനിക്കുക മാത്രമാണ് ചെയ്തത്. ഒരു ചോദ്യം ചോദിച്ചതിന് അക്കാദമി എന്നെ ശിക്ഷിക്കുന്നതുപോലെ തോന്നി. അവര്‍ അവരുടെ വഴികള്‍ നന്നാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ കുഞ്ഞില പറഞ്ഞു.