'ഇരുവശങ്ങളും അറിയാതെ വിധിക്കാന്‍ നില്‍ക്കരുത്'; കൂത്താടി, മദ്യപാനി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി വിഷ്ണു വിശാല്‍

നടന്‍ വിഷ്ണു വിശാലും സുഹൃത്തുക്കളും മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന് ആരോപിച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍ താരത്തിനെതിരെ പരാതി നല്‍കിയിരുന്നു. വീഡിയോ അടക്കം വാര്‍ത്തയായതോടെ നടനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങളും നടന്നു. എന്നാല്‍ ഈ പരാതിയുടെ രണ്ട് വശങ്ങളും കേള്‍ക്കണം എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു.

വിഷ്ണു വിശാലിന്റെ പ്രസ്താവന:

നവംബറിലാണ് ഈ അപ്പാര്‍ട്‌മെന്റ് വിഷ്ണു വാടകയ്ക്ക് എടുത്തത്. 300 ആളുകളുള്ള സെറ്റില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മാതാപിതാക്കളില്‍ നിന്നും മാറി താമസിക്കാനായിരുന്നു ഇത്. ഞാന്‍ വന്ന ദിവസം മുതല്‍ ഒന്നാം നിലയിലെ അപ്പാര്‍ട്‌മെന്റ് ഓണര്‍ തന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എന്റെ സ്റ്റാഫ്‌സിനോടും എന്നെ കാണാന്‍ എത്തിയ അതിഥികളോടും അയാള്‍ അപമര്യാദയായി പെരുമാറി. സംഭവം നടന്ന അന്ന് എന്റെ അപ്പാര്‍ട്‌മെന്റില്‍ ചെറിയൊരു ഗെറ്റ് ടുഗെദര്‍ ഉണ്ടായിരുന്നു.

വര്‍ക്കൗട്ട് ചെയ്യേണ്ടതിനാല്‍ ഞാന്‍ മദ്യപിച്ചിരുന്നില്ല. എന്നാല്‍ എല്ലാ പാര്‍ട്ടികളിലെയും പോലെ അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്നു. അല്ലാതെ ഞാന്‍ മറ്റൊരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങളുടെ സ്വകാര്യതയാണ് ആക്രമിക്കപ്പെട്ടത്. വളരെ മാന്യമായാണ് പൊലീസിനോട് സംസാരിച്ചത്. അധിക്ഷേപിക്കുന്ന ഒരു വാക്ക് ആ ഓണര്‍ ഉപയോഗിച്ചു. ഏതൊരു മന്യുഷ്യനെയും പോലെ അതിന് ഞാനും പ്രതികരിച്ചു. ഞാന്‍ തെറ്റുകാരനല്ല എന്ന് മനസിലായതോടെയാണ് പൊലീസ് അവിടെ നിന്നും പോയത്.

എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമായ എന്നെ കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. അത് ആളുകള്‍ വേഗം വിശ്വസിക്കുകയും ചെയ്യും. കാര്യങ്ങളുടെ ഇരുവശങ്ങളും അറിയാതെ മാധ്യമങ്ങളും ജനങ്ങളും എല്ലായപ്പോഴും കാര്യങ്ങള്‍ വിധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സാധാരണഗതിയില്‍ വളരെയധികം വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ എന്നെ ഒരു മദ്യപാനി എന്ന് വിളിക്കുകയും കൂത്താടി എന്ന പദം ഉപയോഗിക്കുകയും ചെയ്യുന്നത് എന്റെ കരിയറിനും സിനിമാ വ്യവസായത്തിനും അപമാനമാണ്.

ഞാന്‍ മിണ്ടാതിരിക്കില്ല. ഈ സ്ഥലത്ത് നിന്ന് മാറാന്‍ ഞാന്‍ വളരെ മുമ്പേ തീരുമാനിച്ചിരുന്നു, ഷൂട്ടിംഗ് പൂര്‍ത്തിയാകാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇത് എന്റെ ബലഹീനതയല്ല, പക്ഷേ ഈ അനാവശ്യ നിയമപോരാട്ടത്തിനെതിരെ പോരാടാന്‍ എനിക്ക് സമയമില്ല. എന്റെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി എനിക്ക് വളരെയധികം ചെയ്യാനുണ്ട്.