‘ഹൃദയ’വുമായി പ്രണവും കല്യാണിയും; സംവിധാനം വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഹൃദയം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ദര്‍ശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തുന്നു.

40 വര്‍ഷങ്ങള്‍ക്ക് ശേഷം മെറിലാന്‍ഡ് സിനിമാസ് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്. 2020 ഓണത്തിന് ചിത്രം തിയേറ്ററിലെത്തും.

‘തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. ഹൃദയം!’ എന്നാണ് ചിത്രത്തെ കുറിച്ച് പങ്കുവെച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞത്.