സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളെ മറികടന്ന് 'പത്തൊമ്പതാം നൂറ്റാണ്ട്', അമ്പതാം ദിവസത്തിലേക്ക്

വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഗംഭീര വിജയത്തിലേക്ക്. സെപ്റ്റംബര്‍ 8ന് റിലീസ് ചെയ്ത ദിവസം അമ്പതാം ദിവസത്തിലേക്ക്. അമ്പത് ദിവസമാകുമ്പോഴും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈയടുത്ത് തിയേറ്ററിലെത്തിയ സൂപ്പര്‍താര ചിത്രങ്ങളെ വരെ മറികടന്ന് ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ചിത്രത്തിന്റെ അമ്പതാം ദിവസം ആഘോഷവും സ്വീകരണവും കഴിഞ്ഞ ദിവസം സാംസ്‌കാരിക നഗരമായ തൃശൂരില്‍ നടന്നു. അമ്പതാം ദിനാഘോഷം നടന്ന വിവരവും ചിത്രങ്ങളും സംവിധായകന്‍ വിനയന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

വിനയന്റെ കുറിപ്പ്:

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അമ്പതാം ദിവസം ആഘോഷവും സ്വീകരണവും ഇന്നലെ സാംസ്‌കാരിക നഗരമായ തൃശുരില്‍ നടന്നു. അവിടെ ഐനോക്‌സില്‍ പ്രദര്‍ശനം തുടരുന്ന പത്തൊമ്പതാം നൂറ്റാണ്ട് രണ്ടു ദിനം കൂടി കഴിയുമ്പോള്‍ അമ്പതു ദിവസം തികയ്ക്കും. നിറഞ്ഞ സദസിന്റെ സാന്നിദ്ധ്യത്തില്‍ മന്ത്രി കെ രാജനും, എംപി, ടി എന്‍ പ്രതാപനും എം എല്‍ എ. പി ബാലചന്ദ്രനും, സംവിധായകന്‍ മോഹനേട്ടനും, നിര്‍മ്മാതാവ് ഷോഗണ്‍ രാജുവും, അഡ്വ ഇ രാജനും, സംഗീത സംവിധായകന്‍ മോഹന്‍ സിതാരയും അടങ്ങുന്ന പ്രമുഖര്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.. ടിനിടോം, മണികണ്ഠനാചാരി, വിഷ്ണു വിനയ്, സുനില്‍ സുഗത,ശിവജി ഗുരുവായൂര്‍, രേണു സുന്ദര്‍, നിയ, വര്‍ഷ വിശ്വനാഥ് തുടങ്ങിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ അഭിനേതാക്കളേയും തൃശൂര്‍ പൗരാവലി ആദരിച്ചു..

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പറഞ്ഞ ചിത്രത്തില്‍ സിജു വിത്സന്‍ ആണ് നായകനായി എത്തിയത്. കയാദു ലോഹര്‍ അവതരിപ്പിച്ച നങ്ങേലി എന്ന കഥാപാത്രവും സിജു വില്‍സന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.