അതിരാവിലെയുള്ള ഷോ തടയണം; 'വിക്ര'മിന് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

കമല്‍ഹാസന്‍ പ്രധാനവേഷത്തിലെത്തി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘വിക്ര’മിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി . ജൂണ്‍ മൂന്നിന് റിലീസിന് ഒരുങ്ങുന്ന ഈ സിനിമയുടെ അതിരാവിലെയുള്ള പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പുലര്‍ച്ചെ ഷോയില്‍ ടിക്കറ്റ് നിരക്കില്‍ വലിയ തുക ഈടാക്കുമെന്നും ഈ ഷോകളുടെ നികുതി വെട്ടിപ്പ് വന്‍ നഷ്ടമുണ്ടാക്കുമെന്നും ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ജൂണ്‍ മൂന്നിന് പുലര്‍ച്ചെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ കേസെടുത്തു.

വന്‍ താരനിരതന്നെ അണിനിരക്കുന്ന വിക്രത്തിന്റെ ആദ്യ ഷോ തന്നെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മറ്റ് ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഷോകളുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററുകളിലെ അതിരാവിലെ ഷോകളുടെ ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലാണ്.

സാധാരണ തിയേറ്ററുകളില്‍ 500രൂപ മുതല്‍ 900 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ മിന്നുന്ന പ്രകടമാണ് കാഴ്ചവെക്കുന്നത്. സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.