കോവിഡ് പ്രതിരോധത്തിന് 25 ലക്ഷം; എം.കെ സ്റ്റാലിനെ നേരില്‍ കണ്ട് ചെക്ക് നല്‍കി വിജയ് സേതുപതി

കോവിഡ് പ്രതിരോധത്തിന് ധനസഹായം നല്‍കി നടന്‍ വിജയ് സേതുപതിയും. 25 ലക്ഷം രൂപയുടെ ചെക്കാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് താരം കൈമാറിയത്. സെക്രട്ടറിയേറ്റിലെത്തി നേരിട്ട് കണ്ടാണ് സേതുപതി ചെക്ക് നല്‍കിയത്.

സൂര്യ, കാര്‍ത്തി എന്നിവരും നേരത്തെ എം.കെ സ്റ്റാലിനെ നേരില്‍ കണ്ട് കോവിഡ് പ്രതിരോധത്തിനായി സഹായധനം കൈമാറിയിരുന്നു. രജനികാന്ത്, അജിത്ത്, വിക്രം, ശിവകാര്‍ത്തികേയന്‍, ജയം രവി, ശങ്കര്‍, വെട്രിമാരന്‍, മുരുകദോസ് എന്നിവരും നേരത്തെ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിരുന്നു.

മാസ്റ്റര്‍ ചിത്രമാണ് വിജയ് സേതുപതിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. നടന്‍ വിജയ്‌യുടെ വില്ലനായി എത്തിയ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നതും ഷൂട്ടിംഗ് നടക്കുന്നതും.

തുഗ്ലക് ദര്‍ബാര്‍, 19 (1) (എ), കടൈസി വെവസായി, മാമനിതന്‍, ലാഭം, യാദും ഊരെ യാവരും കെളിര്‍, മുഗിഴ്, കാതു വാകുല രെണ്ടു കാതല്‍, വിടുതലൈ, കൊറോണ കുമാര്‍, അന്നബെല്ലെ സുബ്രമണ്യം, മുംബൈകാര്‍, ഗാന്ധി ടോക്‌സ്, ഇടം പൊരുള്‍ യെവള്‍ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.