വിജയ്‌യുടെ നിര്‍ദേശപ്രകാരം ഒറ്റയ്ക്ക് മത്സരിക്കും; തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ് ആരാധകര്‍

വരാനിരിക്കുന്ന തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്യുടെ ആരാധക കൂട്ടായ്മയായ ദളപതി വിജയ് മക്കള്‍ ഇയക്കം. താരത്തിന്റെ നിര്‍ദേശ പ്രകാരമാണ് നീക്കമെന്നാണ് അരാധക കൂട്ടായ്മയുടെ വിശദീകരണം.

”വിജയ്‌യുടെ നിര്‍ദേശ പ്രകാരം ദളപതി വിജയ് മക്കള്‍ ഇയക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ മത്സരിക്കും” എന്നാണ് ആരാധക കൂട്ടായ്മ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായണ് പ്രതിനിധികള്‍ മത്സരിക്കുക.

ഫെബ്രുവരി 19ന് ആണ് തമിഴ്‌നാട്ടില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമോ, പിന്തുണയോ തേടില്ല. സ്ഥാനാര്‍ത്ഥികള്‍ക്കായി അരാധകരുടെ പിന്തുണ തേടും.

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും ഇത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണെന്നും ദളപതി വിജയ് മക്കള്‍ ഇയക്കം പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ദളപതി വിജയ് മക്കള്‍ ഇയക്കം മത്സരിച്ച 169 സീറ്റുകളില്‍ 110 എണ്ണത്തില്‍ വിജയിച്ചിരുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജയ്യുടെ പേരില്‍ അച്ഛന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വിജയ് മക്കള്‍ ഇയക്കത്തിനെതിരെ വിജയ് തന്നെ രംഗത്ത് എത്തിയിരുന്നു.

Read more

തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്നും മാതാപിതാക്കള്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.