ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം; വിദേശത്തും തരംഗമാകാന്‍ 'ഉയരെ'

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന പാര്‍വതി ചിത്രം “ഉയരെ” ദക്ഷിണ കൊറിയയിലും പ്രദര്‍ശനത്തിന്. ഇന്ത്യയ്ക്കു പുറത്തും മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ഉയരെ ദക്ഷിണ കൊറിയയിലും എത്തിയിരിക്കുന്നത്. ഇതോടെ ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ഉയരെ സ്വന്തമാക്കി. കൊറിയന്‍ സബ്‌ടൈറ്റില്‍ ഉള്‍പ്പെടുത്തിയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ഉയരെ രാജേഷ് പിള്ളയുടെ ശിഷ്യനായ മനു അശോകനാണ് സംവിധാനം ചെയ്തത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ബോബിസഞ്ജയ് ടീമിന്റെ കരിയറിലെ വ്യത്യസ്ത കഥാഖ്യാനമാണ് ഉയരെ. ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വഹിച്ചിരിക്കുന്നു.