'അനുമതിയില്ലാതെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണം'; ഐശ്വര്യ റായ്ക്ക് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് അഭിഷേക് ബച്ചൻ

നടി ഐശ്വര്യ റായ് ബച്ചന് പിന്നാലെ സ്വകാര്യ ചിത്രങ്ങളും വ്യക്തിത്വ വിവരങ്ങളും അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിയമപോരാട്ടവുമായി അഭിഷേക് ബച്ചൻ രംഗത്ത്. തന്റെ അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനെതിരെയാണ് അഭിഷേക് ബച്ചൻ ഹർജി സമർപ്പിച്ചത്. നേരത്തെ അഭിഷേക് ബച്ചന്റെ പങ്കാളി കൂടിയായ ഐശ്വര്യ റായിയും സമാന കാരണങ്ങൾ കാണിച്ച് കോടതിയെ സമീപിച്ചിരുന്നു.

ഡൽഹി ഹൈക്കോടതിയിലാണ് അഭിഷേക് ബച്ചൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തന്റെ പേരും ചിത്രങ്ങളും ഉൾപ്പെടെയുള്ള വ്യക്തിത്വ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ഹർജിയിൽ അഭിഷേക് ബച്ചൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡിജിറ്റൽ യുഗത്തിൽ താരങ്ങളുടെ വ്യക്തിത്വവും സ്വകാര്യ വിവരങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിയമനടപടി.

ബോളിവുഡ് ടി ഷോപ്പ് പോലുള്ള വെബ്സൈറ്റുകൾ തന്റെ അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനെതിരെയാണ് അദ്ദേഹത്തിന്റെ ഹർജി. ഇത്തരം ദുരുപയോഗം ഒരുതരം ഓൺലൈൻ തട്ടിപ്പാണെന്നും തന്റെ വ്യക്തിത്വപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അഭിഷേക് ബച്ചൻ പറയുന്നു. അനുവാദമില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിത്വ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും അഭിഷേക് ബച്ചൻ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Read more