'വിമര്‍ശനങ്ങള്‍ അതിര് കടക്കുന്നു.. മോഹന്‍ലാല്‍ പഴയ ഫോമിലെത്തിയാല്‍ മാറും മലയാള സിനിമ'

മോഹന്‍ലാല്‍ എന്ന നടനില്‍ ഇപ്പോള്‍ പഴയ ഭാവങ്ങള്‍ കാണുന്നില്ല, ഇങ്ങനെ താടിവച്ച് അണ്ടര്‍കവര്‍ ഏജന്റുമാരെ പോലെ പോയാല്‍ ഫീല്‍ഡ് ഔട്ട് ആകും എന്ന ആക്ഷേപങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനായത് ലിജോ ജോസ് പെല്ലിശേരിക്കൊപ്പമുള്ള ‘മലൈകോട്ടൈ വാലിബന്‍’ പ്രഖ്യാപിച്ചപ്പോഴാണ്. ലൂസിഫര്‍, ദൃശ്യം 2 എന്നീ സിനിമകള്‍ ഒഴിച്ചാല്‍ സൂപ്പര്‍ താരത്തിന്റെ കരിയറില്‍ അടുത്ത വര്‍ഷങ്ങളിലൊന്നും സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടായിട്ടില്ല. ബോക്‌സോഫീസില്‍ എത്തുന്നതിന് മുമ്പ് വമ്പന്‍ ഹൈപ്പ് ആണ് മോഹന്‍ലാല്‍ സിനിമകള്‍ക്ക് ലഭിക്കുക.

‘മരക്കാര്‍’ പോലുള്ള ബിഗ് ബജറ്റ് സിനിമകള്‍ മുതല്‍ ‘മോണ്‍സ്റ്റര്‍’ വരെ നീളുന്ന ഈ അനാവശ്യ ഹൈപ്പുകളുടെ കഥ ഒന്ന് വേറെ തന്നെയാണ്. പക്ഷെ സമീപകാല മോഹന്‍ലാല്‍ സിനിമകള്‍ പലപ്പോഴും പ്രീ റിലീസ് ചര്‍ച്ചകളിലേക്ക് മാത്രം ചുരുങ്ങുകയും, പോസ്റ്റ് റിലീസില്‍ ദുരന്തമാവുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍ എന്ന നടനെ ഇഷ്ടപ്പെടുന്നവര്‍ കൂടുതലും അദ്ദേഹത്തിന്റെ പഴയ ഹിറ്റ് സിനിമകളുടെ ആരാധകരാണ്. വാനപ്രസ്ഥവും, തന്മാത്രയും, സദയവും തുടങ്ങി ഒരുപാട് മികച്ച സിനിമകള്‍ അക്കൂട്ടത്തിലുണ്ട്. മറ്റൊരു വിഭാഗം ആളുകള്‍ അദ്ദേഹത്തിന്റെ സൂപ്പര്‍ താര പരിവേഷം ആസ്വദിക്കുന്നവരാണ്. മീശ പിരിയും, മുണ്ട് മടക്കലും, പഞ്ച് ഡയലോഗുകളും ആയി തിയേറ്ററില്‍ ആഘോഷമാക്കിയിരുന്ന മോഹന്‍ലാലിനെ ഇഷ്ട്ടപെടുന്ന രണ്ടാമത്തെ വിഭാഗം. അതുകൊണ്ട് തന്നെയാണ് സ്ഫടികം റീമാസ്റ്റര്‍ വേര്‍ഷന്‍ ഹിറ്റാകാനുള്ള കാരണവും. മോഹന്‍ലാലിലെ നടനെയും സൂപ്പര്‍ സ്റ്റാറിനെയും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് മറ്റൊരു വിഭാഗം പ്രേക്ഷകര്‍. മംഗലശ്ശേരി നീലകണ്ഠന്‍ ആയും, ജഗന്നാഥന്‍ ആയും, മുള്ളന്‍കൊല്ലി വേലായുധന്‍ ആയും ഒടുവില്‍ സ്റ്റീഫന്‍ നെടുമ്പള്ളി ആയും വിസ്മയിപ്പിച്ച, മോഹന്‍ലാലിലെ താരവും അതുപോലെ നടനും പാകത്തില്‍ ചേര്‍ത്ത് കഥാപാത്രങ്ങളാണ്. ഒരു പരിധി വരെ മോഹന്‍ലാല്‍ തന്നെ സെറ്റ് ചെയ്ത് വച്ച ചില ബെഞ്ച്മാര്‍ക്കുകള്‍ കാരണമാണ് മലയാളത്തില്‍ ഏറ്റവും വലിയ ഫാന്‍ ബേസ് അദ്ദേഹത്തിനുള്ളതിന്റെ കാരണം.

മോഹന്‍ലാല്‍ സിനിമകള്‍ അനൗണ്‍സ് ചെയ്ത് തുടങ്ങുന്നതിനു മുമ്പേ തന്നെ അഭ്യൂഹങ്ങളും, ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ടാവും. അതിലേക്ക് ഇപ്പോള്‍ പെട്ടുപോയിരിക്കുന്നത് മലൈക്കോട്ടൈ വാലിബന്‍ ആണ്. നിലവില്‍ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന സിനിമയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിരവധിയാണ്. ‘ദ ഗ്രേറ്റ് ഗാമ’ എന്നറിയപ്പെടുന്ന ഫയല്‍വാന്‍ ആകും മോഹന്‍ലാല്‍ എന്ന അഭ്യൂഹം പരന്നെങ്കിലും നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ അത് തള്ളിക്കളഞ്ഞിരുന്നു.

No plans to impress, No plans to Change എന്ന് അഹങ്കാരത്തോടെ തന്നെ പറഞ്ഞ ലിജോ, മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയെ, അയാളിലെ സൂപ്പര്‍ സ്റ്റാറിനെ എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള കൗതുകം സിനിമാസ്വാദകര്‍ക്കുണ്ട്. ഒരു പക്ഷെ മോഹന്‍ലാല്‍ എന്ന പേരിനെക്കാള്‍ ചിലപ്പോള്‍ ഇപ്പോള്‍ കൂടുതല്‍ പേരും കാത്തിരിക്കുന്നത് ലിജോ എന്ന പേരിലാണ്.

കഴിഞ്ഞ രണ്ട് മാസങ്ങളായി മലയാളത്തില്‍ റിലീസ് ചെയ്ത ഒരുപാട് സിനിമകളില്‍ ബോക്‌സോഫീസില്‍ ചലനം സൃഷ്ടിച്ചത് ‘രോമാഞ്ചം’ എന്ന സിനിമയാണ്. മറ്റൊന്ന് ലിജോയുടെ തന്നെ ‘നന്‍പകല്‍ നേരത്ത് മയക്ക’വും. ഇതിനൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ തിരിച്ചു വന്നാല്‍ അത് മലയാള സിനിമയില്‍ ഉണ്ടാക്കാന്‍ പോകുന്ന വിജയത്തിന്റെ വ്യാപ്തി വലുതായിരിക്കും. മലയാള സിനിമയിലെ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കണമെങ്കില്‍ അത് സാധിക്കാനാവുക മോഹന്‍ലാലിന് തന്നെയാണ്.