കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2' സെറ്റ് ഉപരോധിച്ച് നാട്ടുകാര്‍; സംഘര്‍ഷം

കമല്‍ ഹാസന്‍-ശങ്കര്‍ കോംമ്പോയില്‍ ഒരുങ്ങുന്ന ‘ഇന്ത്യന്‍ 2’ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് തമിഴ്‌നാട്ടിലെ നാട്ടുകാര്‍. സിനിമാ സംഘവും നാട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് കലാശിക്കുകയുമായിരുന്നു.

തമിഴ്‌നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയിലെ കല്‍പ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് സംഭാവന ആവശ്യപ്പെട്ട് ഗ്രാമീണര്‍ ഷൂട്ടിംഗ് സ്ഥലത്ത് എത്തിയതാണ് പ്രശ്‌നത്തിന്റെ തുടക്കം.

നാട്ടുകാരെ ഷൂട്ടിംഗ് സെറ്റിലേക്ക് കയറ്റാതെ തടഞ്ഞതിനെ തുടര്‍ന്ന് സിനിമാ സംഘവും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മടങ്ങിയ നാട്ടുകാരുടെ സംഘം വലിയ സംഘമായി എത്തി ഷൂട്ടിംഗ് നടക്കുന്ന കോട്ടയുടെ പ്രവേശന കവാടം ഉപരോധിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

തുടര്‍ന്ന് വലിയ പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി. ഗ്രാമവാസികളുമായും സിനിമാ പ്രവര്‍ത്തകരുമായും സംസാരിച്ച് ഇരുകൂട്ടരെയും പിരിച്ചു വിടുകയായിരുന്നു. വരുന്ന ദീപാവലിക്ക് ഇന്ത്യന്‍ 2 റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്.

Read more

പ്രധാനപ്പെട്ട ഒരു ആക്ഷന്‍ രംഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഇതിനായി ഹോളിവുഡ് സ്റ്റണ്ട് ആര്‍ടിസ്റ്റുകള്‍ അടക്കം സെറ്റിലുണ്ട്. ഇവരില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയാണ് കമല്‍ഹാസന്‍ രംഗം ചെയ്യുന്നത്. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.